വാഷിങ്ടൺ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണിതെന്നാണ് ട്രംപ് അവകാശവാദം. ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 2026 ഏപ്രിൽ 6 വരെ ഊർജ്ജ പ്ലാന്റിന് നേരെയുള്ള ആക്രമണം നാൽക്കാലികമായി നിർത്തുന്നു. ചർച്ചകൾ നടക്കുന്നു…വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു’, ട്രംപ് കുറിച്ചു.
ഏഴ് ദിവസത്തേക്ക് ആക്രമണം നിർത്താനാണ് ഇറാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ അത് പത്ത് ദിവസമായി നീട്ടുകയായിരുന്നുവെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. വളരെ മികച്ച രീതിയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു.
അതിനിടെ ഇറാൻ ഒരു കരാറിനായി തങ്ങളോട് യാചിക്കുകയാണെന്നും എന്നാൽ പുറംലോകത്തോട് തങ്ങൾ അമേരിക്കയുടെ നിർദേശം പരിശോധിച്ചുവരികയാണെന്ന് മാത്രമാണ് അവർ പറയുന്നതെന്നും ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ സൈനികമായി തകർക്കപ്പെട്ടുവെന്നും അവർക്ക് തിരിച്ചുവരവിന് സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു.

+ There are no comments
Add yours