റിയാദ്: വിദേശ തീർഥാടകർക്ക് ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ അനുവദിച്ച് സൗദി അറേബ്യ.
ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയത്. പുതിയ വിസ സംവിധാനം നിലവിൽ വന്നതോടെ തീർഥാടകർക്ക് ഒരു വർഷത്തിനിടയിൽ പലതവണ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തിൽനിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്.
പുതിയ മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് ഒരു വർഷത്തെ മൊത്തം കാലാവധിക്കുള്ളിൽ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. ഓരോ തവണയും സൗദിയിൽ ചെലവഴിക്കുന്ന ദിവസങ്ങൾ ഈ ആകെ അനുവദിക്കപ്പെട്ട 90 ദിവസത്തിൽനിന്ന് കുറയും. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ‘നുസുക്’ ആപ്പ് വഴി ഉംറ പെർമിറ്റ് എടുത്തിരിക്കണം.
ഈ പെർമിറ്റ് തീയതികൾ തെരഞ്ഞെടുത്ത പാക്കേജ് തീയതികളുമായി പൊരുത്തപ്പെടുന്നതായിരിക്കണം. കൂടാതെ യാത്രാ, പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരിക്കണം.
ആദ്യ സന്ദർശനത്തിനായുള്ള നടപടികൾ ആരംഭിക്കുന്നത് ‘നുസുക്’ സിസ്റ്റം വഴിയുള്ള പാക്കേജ് പർച്ചേസിലൂടെയാണ്. ഇതിന് ശേഷം വിസയ്ക്കായി അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ അത് പ്രോസസ്സ് ചെയ്യുകയും വേണം. രാജ്യത്ത് എത്തിച്ചേരുമ്പോൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്തുകയും, മടങ്ങുമ്പോൾ അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.
ഈ വിസ കൈവശമുള്ളവർക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്. എല്ലാ വർഷവും ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 13 വരെയുള്ള കാലയളവിൽ ഈ വിസക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല.

+ There are no comments
Add yours