പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. പ്രധാനമന്ത്രിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു.
ഒസ്‌ലോ ആസ്ഥാനമായുള്ള ‘ദാഗ്‌സാവിസെൻ’ എന്ന പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിൻറെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് “പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ കുറിച്ചത്.
ഇതിനുമുൻപ് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. വിദേശ ഏജൻറാണെന്നും ചാരപ്രവർത്തകയെന്നും വിളിച്ചുള്ള ആക്ഷേപങ്ങൾ കടുത്തതോടെ താൻ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തക മാത്രമാണെന്ന് അവർ എക്സിലൂടെ മറുപടി നൽകിയിരുന്നു.
അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നിലെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല. വലിയ തോതിലുള്ള റിപ്പോർട്ടിങ്ങുകൾ കാരണം അക്കൗണ്ടുകൾ താൽക്കാലികമായി പൂട്ടിയതാകാം എന്നാണ് കരുതപ്പെടുന്നത്.
തൻറെ അക്കൗണ്ടുകൾ മെറ്റ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷിക്കുന്നെന്നും ഹെല്ലെ കുറിച്ചു.

+ There are no comments
Add yours