പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ 16 ഓളം പുതിയ ഇന്ത്യൻ പാസ്‌പോർട്ട് സർവ്വീസ് കേന്ദ്രങ്ങൾ ഉടൻ തുറക്കും

0 min read
Spread the love

യുഎഇയിലെ പാസ്‌പോർട്ട്, വീസ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകും. യുഎഇയിലുടനീളം ആരംഭിക്കുന്ന 16 പുതിയ ഇന്ത്യൻ കോൺസുലർ സർവീസ് കേന്ദ്രങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവന്നു.

പുതിയ കരാർ ലഭിച്ച പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി കരാർ ഒപ്പിട്ടു. വരുന്ന ജൂലൈ ഒന്നു മുതൽ പുതിയ കേന്ദ്രങ്ങൾ യുഎഇയിൽ പൂർണമായി പ്രവർത്തനസജ്ജമാകും.

ഇതുവരെ ഈ സേവനങ്ങൾ നൽകി വന്നിരുന്ന ബിഎൽഎസ് ഇന്റർനാഷനലിന് പകരം ഇനി മുതൽ അൽഹിന്ദ് ഗ്രൂപ്പായിരിക്കും യുഎഇയിലെ 43 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികളുടെയും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികളുടെയും പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ പൂർണമായും കൈകാര്യം ചെയ്യുക.

ഇന്ത്യൻ മിഷനുകളുടെ നിർദ്ദേശപ്രകാരം പ്രവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന കേന്ദ്രങ്ങളിലാണ് പുതിയ ഓഫിസുകൾ തുറക്കുന്നത്.

ആകെ വരാനിരിക്കുന്ന 16 കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ഓഫിസുകൾ വരുന്നത് അബുദാബിയിലാണ്. അബുദാബിയിലെ അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനാത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദുബായിലെ വലിയ പ്രവാസി പങ്കാളിത്തം കണക്കിലെടുത്ത് ബർ ദുബായിലും ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലും കൂടുതൽ കൗണ്ടറുകളോട് കൂടിയ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ഷാർജയിൽ അൽ മജാസ്, റോള എന്നിവിടങ്ങളിലും പുതിയ ഓഫിസുകൾ വരും. ഇതിന് പുറമെ അജ്മാനിലെ അൽ ജുർഫ്, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാനിലെ കോർണിഷ്, കൽബ എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുക. ഈ കേന്ദ്രങ്ങളുടെ പൂർണമായ വിലാസം പിന്നീട് അധികൃതർ പുറത്തുവിടും.

You May Also Like

More From Author

+ There are no comments

Add yours