അബുദാബി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ താൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സന്ദർശിച്ചതായും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവായെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു.
എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാദങ്ങൾ പൂർണ്ണമായും തള്ളി യുഎഇ രംഗത്തെത്തി. സന്ദർശനം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള പരസ്യമായ നയതന്ത്ര ബന്ധങ്ങൾ മാത്രമേ ഇസ്രായേലുമായിട്ടുള്ളൂവെന്നും അനൗദ്യോഗികമായ യാതൊരു നീക്കങ്ങളും നടത്തിയിട്ടില്ലെന്നും യുഎഇ വ്യക്തമാക്കി.
നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ ഇറാൻ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്രായേലുമായുള്ള യുഎഇയുടെ സഹകരണം ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും ഇതിന് മറുപടി നൽകേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇയെ സഹായിക്കാൻ ഇസ്രായേൽ തങ്ങളുടെ ഐറൺ ഡോം വ്യോമ പ്രതിരോധ സംവിധാനം അവിടെ വിന്യസിച്ചതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ 550ലധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് കണക്കുകൾ. ഇതിനു തിരിച്ചടിയായി ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ യുഎഇ വ്യോമാക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ലോകത്തെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഇപ്പോഴും തടഞ്ഞിരിക്കുകയാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും അസ്വീകാര്യമാണെന്ന് പറഞ്ഞ് ട്രംപ് തള്ളിയതോടെ വെടിനിർത്തൽ കരാർ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആത്മരക്ഷയ്ക്കായി തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു.

+ There are no comments
Add yours