ഏഷ്യാകപ്പ് വിജയിച്ചിട്ടും ട്രോഫി വാങ്ങാതെ ടീം ഇന്ത്യ; ദുബായിൽ സംഭവിച്ചത് അസാധാരണ നീക്കങ്ങൾ

0 min read
Spread the love

നാടകീയ നീക്കങ്ങളാണ് ഏഷ്യാകപ്പിൽ കഴിഞ്ഞ രാത്രി സംഭവിച്ചത്. ആവേശകരമായ ഫെെനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 146 റൺസിൽ കൂടാരം കയറിയപ്പോൾ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു. കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവും തിലക് വർമയുടെ (69) അപരാജിത ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.

ഇന്ത്യ കിരീടം നേടിയതിന് ശേഷം സമ്മാനദാനത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കപ്പ് നേടിയിട്ടും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങാൻ തയ്യാറായില്ല. വിജയികൾക്കുള്ള മെഡൽ പോലും ഏറ്റുവാങ്ങാതെയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ചരിത്രത്തിലെ ആദ്യ സംഭവമാണിതെന്ന് പറയാം. ഇതിനൊരു കാരണമുണ്ടായിരുന്നു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്താൻ മന്ത്രിയുമായ മുഹ്സ്വിൻ നഖ്വി സമ്മാനദാന ചടങ്ങിൽ എത്തിയതോടെയാണ് ഇന്ത്യ സമ്മാനദാന ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വ്യക്തിഗത പുരസ്കാരങ്ങൾ ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചു. എന്നാൽ പാകിസ്താന്റെ മന്ത്രിയിൽ നിന്ന് തങ്ങൾക്ക് കിരീടം വേണ്ടെന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ സാങ്കൽപ്പിക കിരീടം ഉയർത്തിയാണ് ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തത്.

സമ്മാനദാന ചടങ്ങിന് മുമ്പ് തന്നെ പകുതിയോളം ആരാധകർ മെെതാനം വിട്ടിരുന്നു. പാക് താരങ്ങളുടെ നിസഹരണം കാരണം മത്സരം അവസാനിച്ച് ഒരു മണിക്കൂറോളം കാത്തിരുന്നാണ് സമ്മാനദാന ചടങ്ങ് നടന്നത്. ഇന്ത്യൻ ടീമും മറ്റ് വിഐപികളും എത്തിയപ്പോഴും പാക് ടീം ഗ്രൗണ്ടിലേക്കെത്താൻ വെെകുകയായിരുന്നു. ഇന്ത്യ കിരീടം നേടിയാലും നഖ്വിയുടെ കെെയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതായിരുന്നു. ടൂർണമെന്റിനിടെ നിരവധി തവണ പ്രകോപനപരമായ പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിച്ചും വിമാനങ്ങളെ വെടിവെച്ചിട്ടതിനെ പരിഹസിച്ചും നഖ്വി പോസ്റ്റുകളിട്ടിരുന്നു. ഇതെല്ലാം ഇന്ത്യയുടെ ഇത്തരമൊരു തീരുമാനത്തിന് കാരണമായി. എന്തായാലും പാകിസ്താൻ ക്രിക്കറ്റ് ടീമിന്റേയും മാനേജ്മെന്റിന്റേയും എല്ലാ അഹങ്കാരങ്ങളും തീർത്തുകൊടുക്കുന്ന വിജയമാണ് ഇന്ത്യ നേടിയെടുത്തത്. പാകിസ്താനെതിരേ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിച്ചു. ഹസ്തദാനം നൽകാൻ വിസമ്മതിച്ചും പാക് ക്യാപ്റ്റനൊപ്പം ഫെെനലിന് മുമ്പായി ഫോട്ടോ എടുക്കാൻ തയ്യാറാവാതെയും ഇന്ത്യ കടുത്ത നിലപാടാണ് പാകിസ്താനെതിരേ സ്വീകരിച്ചത്.

എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ വിജയങ്ങളിലൊന്നായി ഏഷ്യാ കപ്പ് 2025 മാറിയെന്ന് നിസംശയം പറയാം. ടി20 ലോകകപ്പിലേക്ക് ആറ് മാസം മാത്രം ദൂരമുള്ളപ്പോൾ ഇന്ത്യക്ക് കരുത്ത് കാട്ടിക്കൊടുക്കാൻ ഏഷ്യാ കപ്പിലൂടെ സാധിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours