ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിന് കപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഗൾഫ് രാജ്യങ്ങളുമായി യുഎസ് നടത്തുന്ന പുതിയ വ്യാപാര-നിക്ഷേപ കരാറുകൾ ഈ ഫീസിന് പകരമാകുമെന്ന് ചൊവ്വാഴ്ച ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഗൾഫ് ഭരണാധികാരികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ നിർണ്ണായക നീക്കം…
ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരായി അമേരിക്ക മാറുമെന്നും, ഇതിനായുള്ള സുരക്ഷാ ചെലവുകൾ കണ്ടെത്താൻ കപ്പലുകളിലെ ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നുമായിരുന്നു തൊട്ടുമുമ്പത്തെ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം ആഗോള വ്യാപാര-ഊർജ മേഖലകളിൽ വലിയ ആശങ്ക സൃഷ്ടിച്ചു.
ഗൾഫ് മേഖലയിലെ രാജാക്കൻമാരും അമീറുമാരും നേരിട്ട് വിളിച്ച് സംസാരിച്ചതായി ഓവൽ ഓഫീസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫീസ് ചുമത്തുന്നതിന് പകരം യുഎസിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് അവർ വാഗ്ദാനം ചെയ്തതായും ട്രംപ് വ്യക്തമാക്കി.
അന്താരാഷ്ട്ര ജലപാതകളിൽ ഫീസ് ഈടാക്കാൻ ആർക്കും അവകാശമില്ലെന്ന നിലപാടാണ് തനിക്കുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗതത്തിന് ടോൾ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതും അമേരിക്കയുടെ പിൻമാറ്റത്തിന് ആക്കം കൂട്ടി. ട്രംപിന്റെ ആദ്യ പ്രഖ്യാപനം നടപ്പിലായിരുന്നെങ്കിൽ ഇന്ത്യയെപ്പോലെയുള്ള വൻകിട ഊർജ ഇറക്കുമതി രാജ്യങ്ങൾക്ക് അത് കനത്ത സാമ്പത്തിക തിരിച്ചടിയാകുമായിരുന്നു.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും, എൽഎൻജി ഇറക്കുമതിയുടെ 60 ശതമാനവും, എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് പ്രധാന വ്യാപാര ഇടനാഴിയായ ഹോർമുസ് കടലിടുക്കിലൂടെയാണ്.
ബാരലിന് 75 ഡോളർ വിലയുള്ള എണ്ണയ്ക്ക് 20 ശതമാനം ഫീസ് ചുമത്തിയാൽ ഇന്ത്യയിലെത്തുമ്പോൾ ഇൻഷുറൻസും ചരക്കുകൂലിയും ഉൾപ്പെടെ ബാരലിന് 90 ഡോളറിന് മുകളിലാകുമായിരുന്നു. ഇത് ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ചെലവിൽ മാത്രം ഏകദേശം 900 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ സുരക്ഷയ്ക്കും ആഗോള എണ്ണ വിപണിയിലെ വിലക്കയറ്റം തടയാനും വലിയ ആശ്വാസമാണ് നൽകുന്നത്.

+ There are no comments
Add yours