ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച രാവിലെ തന്റെ ഓഫീസിൽ വെച്ച് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവൻ ഉൾപ്പെടെ ഏകദേശം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുഎസ് സൈനിക താവളങ്ങളോ സഖ്യസേനയോ ആതിഥേയത്വം വഹിക്കുന്ന സ്ഥലങ്ങളായ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആദ്യകാല പ്രത്യാക്രമണങ്ങൾ.
പ്രാരംഭ ആക്രമണങ്ങളിൽ ഒരു പെൺകുട്ടികളുടെ സ്‌കൂളിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 108 പേർ കൊല്ലപ്പെട്ടതുൾപ്പെടെ ഇറാനിലെ മരണസംഖ്യ 200 കവിയുന്നുവെന്ന് സ്റ്റേറ്റ് മീഡിയയും റെഡ് ക്രസന്റ് റിപ്പോർട്ടുകളും പറയുന്നു. ആക്രമണങ്ങൾ വ്യോമയാത്ര, എണ്ണ കയറ്റുമതി, മേഖലയിലുടനീളമുള്ള ദൈനംദിന ജീവിതം എന്നിവയെ തടസ്സപ്പെടുത്തി, സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കൻ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തിൽ സൂചിപ്പിച്ചു. ഇറാൻ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികൾ തീർക്കാൻ സമയമെടുത്തേക്കുമെന്നും സംഘർഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.
താൻ ഇറാനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചെങ്കിലും ചർച്ചകൾ എപ്പോൾ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടില്ല. താനുമായി ചർച്ച നടത്താൻ ഇറാൻ ആഗ്രഹിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ സംസാരിക്കേണ്ടിയിരുന്നത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നും ഈ ആഴ്ചയല്ലെന്നും താൻ അവരോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.
അതേസമയം ഇന്നും സംഘർഷം രൂക്ഷമായി തുടരുകയാണ്. ഗൾഫ് രാജ്യങ്ങൾ അശാന്തമാണ്. സംഘർഷത്തിൽ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടൽ വേണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു. ഇറാന്റെ ബഹ്‌റൈൻ ആക്രമണത്തിൽ ഒരുമരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനാമയിലെ സൽമാൽ തുറമുഖത്തിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടത് ഏഷ്യൻ വംശജനാണ്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. സൈപ്രസിലെ ബ്രിട്ടീഷ് സേനാ ആസ്ഥാനത്തേക്ക് ഡ്രോൺ ആക്രമണം നടത്തി ഇറാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

+ There are no comments
Add yours