ത്യാ​ഗസ്മരണയിൽ വിശ്വാസികൾ; ബലിപെരുന്നാൾ ആഘോഷവുമായി ​ഗൾഫ് രാജ്യങ്ങൾ

1 min read
Spread the love

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ.

ഗൾഫിലെമ്പാടുമുള്ള മസ്ജിദുകളിലും മറ്റ് പ്രത്യേക നിസ്‌കാരകേന്ദ്രങ്ങളിലും പെരുന്നാൾ നമസ്‌കാരത്തിനായി പുലർച്ചെ തന്നെ വിശ്വാസികൾ എത്തിക്കൊണ്ടിരുന്നു.

ആശംസയുമായി ഭരണാധികാരികൾ

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ അറബ്- ഇസ്‌ലാമിക ലോകത്തെ നേതാക്കൾക്കും ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും പ്രസിഡന്റുമാർക്കും അമീറുമാർക്കും ആശംസയറിയിച്ച് സന്ദേശങ്ങൾ അയച്ചു. ജനങ്ങൾക്ക് ഉത്കൃഷ്ടമായ പുരോഗതിയും സമൃദ്ധിയും സ്ഥിരതയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും നേതാക്കൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ടെലിഫോണിലൂടെ പെരുന്നാൾ ആശംസകൾ കൈമാറി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും ലോകമെമ്പാടും സുരക്ഷയും ഐശ്വര്യവും നിലനിൽക്കാൻ നേതാക്കൾ പ്രാർത്ഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours