പത്ത് ദിവസത്തിനുള്ളിൽ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കും

0 min read
Spread the love

ദുബായ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കാൻ ഇനി വെറും 10 ദിവസങ്ങൾ കൂടി മാത്രം. സന്ദർശകരുടെ തിരക്കും ഈദ് അൽ അദ്ഹ അവധിക്കാലവും പ്രമാണിച്ചാണ് ഇത്തവണ സീസൺ മേയ് 31 വരെ നീട്ടിയത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിനോദസഞ്ചാര സീസണിന്റെ പ്രധാനപ്പെട്ട 51 ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഇത് വീണ്ടും തുറന്നത്. നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായാണ് ഇപ്പോൾ മൂന്ന് ആഴ്ചത്തേക്ക് കൂടി സീസൺ നീട്ടിയത്.

വേനലവധിക്ക് മുന്നോടിയായി ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടയ്ക്കുന്നതിന് മുൻപ് ആകർഷകമായ ഓഫറുകളും വിനോദപരിപാടികളും ആസ്വദിക്കാൻ സന്ദർശകർക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. യു.എ.ഇയുടെ ഇയർ ഓഫ് ഫാമിലി സംരംഭത്തിന്റെ ഭാഗമായി ഫാമിലി സ്‌പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ വെറും 30 ദിർഹത്തിന് 4 പ്രവേശന ടിക്കറ്റുകൾ ലഭിക്കും. കൂടാതെ അധികമായി എടുക്കുന്ന ഓരോ ടിക്കറ്റിനും 7.5 ദിർഹം വീതം നൽകിയാൽ മതിയാകും.

ഗ്ലോബൽ വില്ലേജിലെ കാർണിവലിലുള്ള 31 റൈഡുകളിൽ എത്ര തവണ വേണമെങ്കിലും കയറാൻ 99 ദിർഹത്തിന്റെ അൺലിമിറ്റഡ് പാസ് ലഭ്യമാണ്. സീസൺ അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഈ ഓഫർ ഉണ്ടായിരിക്കും.

ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഗ്ലോബൽ വില്ലേജ് പ്രകാശാലങ്കാരങ്ങളാലും സാംസ്‌കാരിക പരിപാടികളാലും സജീവമാകും. പെരുന്നാൾ ഷോപ്പിങ്ങിനായി യുഎഇ, സൗദി അറേബ്യ, കുവൈത്ത്, തുർക്കി തുടങ്ങിയ പവലിയനുകളിൽ പരമ്പരാഗത ഹോം ഡെക്കർ സാധനങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ എത്തുന്ന ഭാഗ്യശാലികളായ 100 കുട്ടികൾക്ക് പ്രത്യേക ഈദ് സമ്മാനങ്ങൾ ലഭിക്കും.

മേയ് 27, 28 തീയതികളിൽ രാത്രി 9 മണിക്ക് പ്രധാന സ്റ്റേജിൽ അബ്ദുള്ള ഇസ്മായിൽ നയിക്കുന്ന അൽ മന്ദൂസ് ലൈവ് ഗെയിം ഷോ അരങ്ങേറും. കുടുംബങ്ങൾക്കായി നിരവധി ഇന്ററാക്ടീവ് ഗെയിമുകളും സമ്മാനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കൂടാതെ ഹാപ്പിനസ് സ്ട്രീറ്റിലും കൾച്ചറൽ ഗേറ്റിന് സമീപവും വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ ആസ്വദിക്കാനുള്ള ഭക്ഷണശാലകളും സജ്ജമാണ്.
വൈറൽ ഫുഡുകൾ പരീക്ഷിക്കാനും, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ കാണാനും, പെരുന്നാൾ അവധി ആഘോഷമാക്കാനും മേയ് 31നകം ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours