ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകൾ താത്കാലികമായി നിർത്തിവെച്ചെന്ന് വ്യക്തമാക്കി യുഎഇ. ഗൾഫിലേക്ക് ഇറാൻ ആക്രമണം നടന്നതോടെയാണ് നടപടി. എന്നാൽ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്നും ഇറാൻ പറഞ്ഞു.
യുഎഇയ്ക്ക് നേരെ ഇറാൻ രണ്ട് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതേസമയം ഇറാനുമായി ചർച്ചകൾ നടക്കുന്നെന്ന് പുറത്തുവന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷേധിച്ചു.
ചർച്ചയ്ക്കായി അമേരിക്ക യാചിക്കുകയാണെന്നാണ് ഇറാൻ അവകാശപ്പെട്ടിരിക്കുന്നത്. യുഎസ് നാവിക ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുന്നതായി ട്രംപ് അറിയിച്ചു. ഹോർമൂസ് വഴിയുള്ള കപ്പൽ നീക്കത്തിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില 91 ഡോളർ കടന്നു. മൂന്ന് ആഴ്ചക്കിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലയിൽ ഇതോടെ എണ്ണവില എത്തി.
ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്ന പുതിയ മാപ്പിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പങ്കുവെച്ചിരുന്നു. ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ നീക്കം. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് സമാനമായ പ്രസ്താവനകൾ പലതവണ നടത്തിയിരുന്നു. ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമാണെന്ന പ്രസ്താവനയാണ് ട്രംപ് ആവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച ലോംഗ് ഐലൻഡിൽ പൊലീസ് ഉദ്യോഗസ്ഥരോട് നടത്തിയ പ്രസംഗത്തിലും തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനകളിലും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാൽ ട്രംപിന്റെ ഇത്തരം നിലപാടുകളെ പരിഹസിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു. ട്രംപ് മതിഭ്രമം ബാധിച്ച മനുഷ്യനാണെന്നും മിഥ്യാബോധത്തോടെയാണ് പെരുമാറുന്നതെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനാൽ ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്നും ഇറാൻ നോരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചർച്ചകളിൽ യുഎസ് മുന്നോട്ട് വെക്കുന്ന ഇളവുകൾ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല ഇറാനിയൻ തുറമുഖങ്ങളുടെ നിലവിലുള്ള ഉപരോധം പിൻവലിക്കുക, എണ്ണ ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച സ്വത്ത് തിരികെ നൽകുക എന്നീ ആവശ്യങ്ങളും ഇറാൻ മുന്നോട്ട് വെച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹോർമൂസ് അടച്ചിടുമെന്ന് ഇറാനിയൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞിരുന്നു.

+ There are no comments
Add yours