ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.
യുഎഇയുടെ വ്യോമപരിധി പൂർണമായും സുരക്ഷിതമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരും.
യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ആവർത്തിക്കുകയാണ് അധികൃതർ.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റി നിർദ്ദേശിച്ചു.
മിസൈലുകളോ ഡ്രോണുകളോ തകർന്നു വീഴുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല.
സ്പെഷ്യലൈസ്ഡ് ടീമുകൾക്ക് മാത്രമേ ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ അനുമതിയുള്ളൂ. സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണം.

+ There are no comments
Add yours