ശീതകാല അവധിയ്ക്കുള്ള മികച്ച ടൂറിസം കേന്ദ്രമായി സൗദി അറേബ്യ മാറുകയാണ്. വിന്റർ വെക്കേഷൻ എവിടെ ആഘോഷിക്കണമെന്ന് ചോദിച്ചാൽ അധികമാരുടെയും മനസ്സിലേക്ക് സൗദി അറേബ്യ കടന്ന് വരാറില്ലായിരുന്നു. എന്നാൽ വൈവിധ്യപൂർണ്ണമായ പരിപാടികൾ കൊണ്ട് സമ്പന്നമാണ് ഇന്ന് സൗദി അറേബ്യയിലെ ഓരോ തണുപ്പ് കാലവും.
സൗദി ടൂറിസം അതോറിറ്റി 17,000ത്തിലധികം പരിപാടികൾ ശീതകാല അവധിദിനങ്ങളിൽ സംഘടിപ്പിക്കുന്നു. ഇത് ലോകത്തെ ഏറ്റവും കൂടുതൽ ഇവന്റുകൾ നടക്കുന്ന ശൈത്യകാല കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റുന്നു. അൽഉലയിലെ “വിന്റർ അറ്റ് തന്തോറ” മുതൽ ഫോക്ക്‌ലോർ ഫെസ്റ്റിവലുകൾ വരെ സൗദി അറേബ്യയിലെ പരിപാടികളുടെ മുഖ്യ ആകർഷണമാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരുഭൂമിയിലെ ക്യാമ്പിലോ, ഡെസേർട്ട് സഫാരിയിലോ മാത്രം ഒതുങ്ങിയിരുന്ന സൗദിയിലെ ശീതകാല അവധി ഇപ്പോൾ ഈ ശൈത്യകാലത്ത്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുകയാണ്.
നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖല ദിനംപ്രതി ശക്തി പ്രാപിച്ച് വരികയാണ്.
2023ലെ ആദ്യ മൂന്ന് മാസങ്ങളിൽ സൗദിയിൽ സന്ദർശകരുടെ ചെലവ് 100 ബില്യൺ റിയാൽ (26.6 ബില്യൺ ഡോളർ) കവിഞ്ഞതായി സൗദി സെൻട്രൽ ബാങ്ക് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

+ There are no comments
Add yours