യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; ജനജീവിതം തടസപ്പെട്ടു

0 min read
Spread the love

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ നാലാം ദിവസവും അതിശക്തമായ മഴയും കാറ്റും തുടരുന്നു. അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. പലയിടങ്ങളിലും ജനജീവിതം തടസ്സപ്പെട്ട നിലയിലാണ്.

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദേശം നൽകി. ഫുജൈറയിലെ അൽ തവിയീനിൽ 47.9 മില്ലിമീറ്ററും റാസൽഖൈമയിലെ അൽ മർജാനിൽ 39.7 മില്ലിമീറ്ററും മഴ കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തി.

ഷാർജയിലെ ഖോർഫക്കാനിലും അബുദാബിയിലെ ഖത്തം അൽ ശക്‌ലയിലും 30 മില്ലിമീറ്ററിലധികം മഴ ലഭിച്ചതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മോശം കാലാവസ്ഥയെത്തുടർന്ന് ആർടിഎ ദുബായിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞതോടെ വിവിധ പാതകളിൽ വേഗപരിധി കുറച്ചതായും അതോറിറ്റികൾ അറിയിച്ചു.

അബുദാബിയിലെയും ഷാർജയിലെയും താഴ്‌വാരങ്ങളിൽ നിന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.വിമാനത്താവളങ്ങളിലേക്ക് പോകുന്നവർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രകൾ പ്ലാൻ ചെയ്യണമെന്നും നിർദേശമുണ്ട്.

കടൽതീരങ്ങളിൽ പോകുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി. വരും മണിക്കൂറുകളിൽ വടക്കൻ മേഖലകളിലും തീരദേശങ്ങളിലും മഴ ഇനിയും ശക്തമായേക്കാമെന്നാണ് പ്രവചനം. ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours