ദുബായുടെ അഭിമാന വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് വൻ ബോണസ് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം സ്വന്തമാക്കിയ പശ്ചാത്തലത്തിൽ 20 ആഴ്ചത്തെ ശമ്പളമാണ് ബോണസായി നൽകുന്നത്.
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന 13 ആഴ്ചത്തെ ബോണസിനും മുകളിലാണ് മാനേജ്‌മെന്റിന്റെ ഈ അപ്രതീക്ഷിത സമ്മാനം.
വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിൽ ജീവനക്കാർ പ്രകടിപ്പിച്ച അസാമാന്യമായ കരുത്തിനും അർപ്പണബോധത്തിനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം നന്ദി അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ആവേശത്തോടെയും പ്രതിബദ്ധതയോടെയും ജോലി ചെയ്ത സഹപ്രവർത്തകരോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം ജീവനക്കാർക്കയച്ച വൈകാരികമായ സന്ദേശത്തിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും ലാഭകരമായ വിമാനക്കമ്പനിയെന്ന സ്ഥാനം എമിറേറ്റ്‌സ് ഇത്തവണയും നിലനിർത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും മാർച്ചിലുണ്ടായ അപ്രതീക്ഷിത സാഹചര്യങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
എന്നാൽ പ്രതിസന്ധികളെ അതിജീവിച്ച് മിക്ക സാമ്പത്തിക റെക്കോർഡുകളും തകർക്കാൻ കമ്പനിക്ക് സാധിച്ചു. വരുമാനത്തിലും നികുതിക്ക് മുമ്പുള്ള ലാഭത്തിലും എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പ്രതിസന്ധി ഘട്ടത്തിലും യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കാൻ യുഎഇ നേതൃത്വം നൽകിയ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.

+ There are no comments
Add yours