പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട പെരുമാറ്റരീതികൾ സംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കാൻ ദുബായ് ഭരണകൂടം. നഗരത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതിനും നിർദേശമുണ്ട്.
ലോകത്തിലെ ഏറ്റവും നാഗരികമായ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബായ് സിവിലിറ്റി കമ്മിറ്റിയാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് രണ്ട് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചത്.
നഗരത്തിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും, മികച്ച പെരുമാറ്റരീതികൾ നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
കൂടാതെ, നഗരത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യാത്മകമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി നഗരത്തിലുടനീളം ഏകീകൃത ലൈറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ദുബായ് സിവിലിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ഈ സമിതി രൂപീകരിച്ചത്.

+ There are no comments
Add yours