ലോകത്തിലെ ആദ്യ എഐ പാസഞ്ചർ കോറിഡോർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുറന്നു. ഇത് യാത്രക്കാരെ പരമ്പരാഗത പാസ്‌പോർട്ട് നിയന്ത്രണം മറികടക്കാൻ സഹായിക്കും. ഈ ആധുനിക സംവിധാനത്തിന് ഒരേസമയം പത്തു യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. സംവിധാനം വരുന്നതോടു കൂടി ഇമിഗ്രേഷൻ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിക്കാനാകും.
ഒരു വീഡിയോയിൽ യാത്രക്കാർ ചുവന്ന പരവതാനി വിരിച്ച നടപ്പാതയിലൂടെ നടക്കുന്നതും പാസ്‌പോർട്ടോ ബോർഡിംഗ് പാസോ കാണിക്കാതെ കോറിഡോറിലൂടെ സഞ്ചരിക്കുന്നതും കാണാം. പുതിയതായി അവതരിപ്പിച്ച സംവിധാനം യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ക്യൂവിൽ നിൽക്കാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
എയർപോർട്ട് പ്രവർത്തനങ്ങളിലെ ഒരു കുതിച്ചുചാട്ടമാണ് പുതിയ സംവിധാനമെന്ന് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി വ്യക്തമാക്കി.
തുടർച്ചയായ പതിനൊന്നാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന ഖ്യാതി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം നേടിയിരുന്നു.
എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കോറിഡോർ യാത്രക്കാരുടെ ഡാറ്റ ഇമിഗ്രേഷൻ പോയിന്റുകളിൽ എത്തുന്നതിന് മുമ്പേ യാന്ത്രികമായി തിരിച്ചറിയും. യാത്രാ രേഖകളിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ ഇത് ഉടനടി ഉദ്യോഗസ്ഥരെ അറിയിക്കും. ഇത് ഇമിഗ്രേഷൻ സംബന്ധമായ കാര്യങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നു. കാര്യക്ഷമത ഇരട്ടിയാക്കുന്നതിലൂടെ യാത്രക്കാരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.

+ There are no comments
Add yours