നടി സാവിത്രി ശ്രീധരൻ (78) അന്തരിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ സിനിമ മതി സാവിത്രി ശ്രീധരൻ എന്ന നടിയെ മലയാളികൾ ഓർക്കാൻ. മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി കിടപ്പിലായിരുന്നു.
കെ ടി മുഹമ്മദിൻറെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടക വേദിയിൽ സജീവമായിരുന്നു. എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അതിനു ശേഷം ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സിലെ പ്രധാന നടിയായി. മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ എന്നീ നാടകങ്ങൾ ചെയ്തു. ഇതിൽ രാജസഭയിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും നല്ല വേഷം ചെയ്തു. ഈ സമയമാകുമ്പോഴേക്കും കേരളത്തിലെ പ്രഫഷനൽ നാടകട്രൂപ്പുകളെല്ലാം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന സ്ഥിതിയിലായിരുന്നു. അങ്ങനെ പതുക്കെ രംഗപടത്തിനു പിന്നിലേക്കു ജീവിതം മാറി. എന്നാൽ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം സാവിത്രിയിലെ അഭിനേത്രിക്ക് പുതുജീവിതം സമ്മാനിച്ചു.

+ There are no comments
Add yours