സെപ്റ്റംബർ 23 ന് ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളും അടച്ചുപൂട്ടും: ഭീഷണിയുമായി യുഎസ് ഉദ്യോഗസ്ഥൻ

1 min read
Spread the love

ഇറാനിയൻ വിമാനക്കമ്പനികൾ അടച്ചുപൂട്ടപ്പെടുമെന്ന ഭീഷണിയുമായി അമേരിക്ക. സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളും അടച്ചുപൂട്ടപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.

സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബെസ്സന്റിന്റെ പ്രതികരണം. വിമാനങ്ങൾ ലാൻഡ് ചെയ്താൽ ഇന്ധനമോ ലാൻഡിങ്ങ് സർവീസുകളോ ലഭ്യമാക്കാനോ ടിക്കറ്റുകൾ വിൽക്കാനോ സാധിക്കില്ലെന്നും ബെസ്സന്റ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ഉപരോധത്തിന്റെ ഭാരം മൂലം ഇറാനിയൻ വിമാനക്കമ്പനികൾക്ക് രണ്ട് ദിവസത്തിന് ശേഷം പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ തുടങ്ങിയ ഇറാൻ-അമേരിക്ക യുദ്ധത്തിന് ശേഷം പശ്ചിമേഷ്യ ശാന്തമായിട്ടില്ല. ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യയും വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 വ്യോമാക്രമണമുണ്ടായതായി ഹൂതി വക്താവ് യഹ്യ സാരി പറഞ്ഞു. യെമനിലെ തായിസ്, അൽ ജാഫ്, മാരിബ് പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദിയിലെ ഖാമിസ് മുസെയ്ത്, തെയ്ഫ് വ്യോമത്താവളങ്ങളിൽ നിന്നും ടേക്ക് ഓഫ് ചെയ്ത എഫ് -15, ടൈഫൂൺ ഫൈറ്ററുകളാണ് ആക്രമണം നടത്തിയത്.

റിയാദിലെ സെൻസിറ്റീവ് ആയ കേന്ദ്രങ്ങൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.

സൗദിയിലെ വിവിധ കേന്ദ്രങ്ങൾക്കും അരാംകോയ്ക്കുമെതിരെ പുതിയ ആക്രമണങ്ങൾ നടത്തിയതായാണ് അവകാശവാദം. മക്ക ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ നിഷേധിച്ചു.

സൗദി സേന മക്കയ്ക്ക് തെക്ക് വശത്തായി ഒരു ഹൂതി ഡ്രോൺ തടഞ്ഞതായി നേരത്തെ അറിയിച്ചിരുന്നു.

More From Author

+ There are no comments

Add yours