കാത്തിരിപ്പിന് വിരാമം! യുഎഇയുടെ ഗതാഗത ശൃംഖലയിലെ സുപ്രധാന നാഴികക്കല്ലായി, എത്തിഹാദ് റെയിലിന്റെ ദുബായ്-അബുദാബി യാത്രാ സർവീസ് ഇന്ന് (സെപ്റ്റംബർ 30) ഔദ്യോഗികമായി ആരംഭിച്ചു. അബുദാബിയിലേക്കുള്ള പുതിയ യാത്രാ റെയിൽ ബന്ധത്തിന് തുടക്കം കുറിച്ചുകൊണ്ട്, ആദ്യ ട്രെയിൻ രാവിലെ 6:14-ന് ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
മടക്ക സർവീസ് അബുദാബിയിൽ നിന്ന് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് തിരിച്ചെത്തി. വെറും ഒരു മണിക്കൂറിലേറെ സമയം കൊണ്ട് രണ്ട് എമിറേറ്റുകൾക്കുമിടയിൽ യാത്ര പൂർത്തിയാക്കാൻ സാധിച്ചത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽ ശൃംഖല പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ൽ യുഎഇ പ്രഖ്യാപിച്ച ‘പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി’യുടെ ഭാഗമായുള്ള നാഷണൽ റെയിൽവേ പ്രോഗ്രാമിന്റെ വിഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയുന്നതിന് മുൻപ് തന്നെ പാസഞ്ചർ സർവീസ് യാഥാർത്ഥ്യമായിരിക്കുകയാണ്.

+ There are no comments
Add yours