അബുദാബി: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിനായി ഫെഡറൽ ഡിക്രി-നിയമത്തിൽ ഭേദഗതി വരുത്തി നിയമങ്ങൾ കർശനമാക്കി യുഎഇ. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഉടൻ നാടുകടത്തും. ഇതാണ് നിയമങ്ങളിലെ പ്രാധാന മാറ്റം.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭേദഗതികൾ.
മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും സംബന്ധിച്ച് ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് കടുത്ത ശിക്ഷകളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. സാധുവായ കുറിപ്പടിയില്ലാതെ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. ഈ പ്രവൃത്തി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കുറ്റമായി കണക്കാക്കും.
ലൈസൻസില്ലാതെയോ, മതിയായ മെഡിക്കൽ കാരണമില്ലാതെയോ, അനുവദനീയമായ പരിധി ലംഘിച്ചോ മയക്കുമരുന്നിന് കുറിപ്പടി നൽകുന്ന ഡോക്ടർമാർക്കും അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.
മയക്കുമരുന്ന് നിയന്ത്രണ കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നതിനായി ചില സർക്കാർ സ്ഥാപനങ്ങളുടെ പരാമർശങ്ങൾ നിയമത്തിൽ മാറ്റി സ്ഥാപിച്ചു.
ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് പകരം ഇനി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന അതോറിറ്റിയായിരിക്കും മരുന്നുകളുടെ നിയന്ത്രണം നിർവഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന് പകരം നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയായിരിക്കും ഇനിമുതൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് നേതൃത്വം നൽകുക.
മയക്കുമരുന്നിന് അടിമകളായ വ്യക്തികൾക്ക് ചികിത്സ നൽകാനും പുനരധിവാസം ഉറപ്പാക്കാനും വേണ്ടി പ്രത്യേക യൂണിറ്റുകൾ സ്ഥാപിക്കാൻ പുതിയ നിയമം ആരോഗ്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ഇതിനായുള്ള വിശദമായ നിയമങ്ങൾ യുഎഇ കാബിനറ്റ് ഉടൻ പുറത്തിറക്കും.
മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട എല്ലാ വിദേശ പൗരന്മാരെയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഉടൻ നാടുകടത്തണമെന്ന് നിയമത്തിൽ അനുശാസിക്കുന്നു. എന്നാൽ രണ്ട് സാഹചര്യങ്ങളിൽ കോടതിക്ക് ഇതിൽ ഇളവ് നൽകാൻ സാധിക്കും:
- കുറ്റകൃത്യം ചെയ്യുന്ന സമയത്ത് വ്യക്തി ഒരു യുഎഇ പൗരന്റെ പങ്കാളിയോ അടുത്ത ബന്ധുവോ ആണെങ്കിൽ.
- നാടുകടത്തുന്നത് യുഎഇയിൽ താമസിക്കുന്ന കുടുംബത്തിൻ്റെ നിലനിൽപ്പിന് ഗുരുതരമായ ദോഷം വരുത്തുമെന്ന് കോടതിക്ക് ബോധ്യമായാൽ.
- മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ നാടുകടത്തൽ, ചില അപവാദങ്ങൾ ഒഴികെ.
- മെഡിക്കൽ ഉൽപ്പന്നങ്ങളുടെ നിയന്ത്രണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള അധികാരികളെ പുനർവിന്യസിക്കുന്നു.
- ഫെഡറൽ ആരോഗ്യ അധികാരികൾക്കും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും അടിമകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയും.
- ശാസ്ത്രീയവും വൈദ്യപരവുമായ ആവശ്യങ്ങൾക്കായി മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലാബുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ലൈസൻസ് നേടാം.

+ There are no comments
Add yours