യുഎഇയിൽ ഈ വർഷം ശരത്കാലം ഈ മാസം 22ന് ആരംഭിക്കും!

1 min read
Spread the love

യു.എ.ഇയിൽ ഈ വർഷം ശരത്കാലം ഈ മാസം 22ന് രാത്രി കൃത്യം 10.20ന് ആരംഭിക്കും. അന്ന് ലോകമെമ്പാടും പകലും രാത്രിയും ഏതാണ്ട് തുല്യമായിരിക്കും. ഈ ഘട്ടത്തിൽ, സൂര്യൻ ക്രമേണ തെക്കോട്ട് ചരിഞ്ഞു തുടങ്ങുന്നു. ഇത് വടക്കൻ അർധ ഗോളത്തിലുടനീളമുള്ള താപനിലയിൽ പ്രകടമായ കുറവിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.

എമിറേറ്റ്‌സ് അസ്‌ട്രോണമികൽ സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുഎഇയിലെ വരാനുള്ള കാലാവസ്ഥാ പ്രതിഭാസത്തെക്കുറിച്ച് വിശദാംശങ്ങൾ പങ്കുവച്ചു.

ഇബ്രാഹിം അൽ ജർവാൻ പറഞ്ഞതിന്റെ സംഗ്രഹം:

  • സീസണിന്റെ തുടക്കത്തിൽ പകൽ സമയത്ത് ശരാശരി താപനില 37° സെൽഷ്യസും, രാത്രിയിൽ 23° സെൽഷ്യസും ആയിരിക്കും.
  • ശരത്കാല മധ്യത്തോടെ (നവംബർ 8), പകൽ സമയത്ത് ശരാശരി 32° സെൽഷ്യസും, രാത്രിയിൽ 18° സെൽഷ്യസും ആയി കുറയും.
  • സീസണിന്റെ അവസാനത്തിൽ (ഡിസംബർ 21), ശരാശരി ഉയർന്ന താപനില 26° സെൽഷ്യസും കുറഞ്ഞത് 14° സെൽഷ്യസും ആയിരിക്കും.
  • സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈർപ്പം താരതമ്യേന ഉയർന്നതായി തുടരുമെന്നും നവംബർ പകുതിയോടെ ക്രമേണ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    ശരാശരി ശരത്കാല മഴ ഒക്ടോബറിൽ 2 മില്ലി മീറ്ററിൽ താഴെയും, നവംബറിൽ 5- 6 മില്ലി മീറ്ററും, ഡിസംബറിൽ 16- 18 മില്ലി മീറ്ററും ആയിരിക്കും.

ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ

ശൈത്യ കാലത്ത് ദൃശ്യമാകുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുടെ വൈവിധ്യത്തെ അൽ ജർവാൻ പ്രത്യേകം പ്രസ്താവിച്ചു. ചിലത് വർഷം തോറും നിശ്ചിത സമയങ്ങളിൽ സംഭവിക്കുന്നു. ഉദാഹരണത്തിന്, ശോഭയുള്ള നക്ഷത്രങ്ങൾ, പ്രധാന ഉൽക്കാ വർഷം മറ്റുള്ളവ അമാവാസി ഘട്ടങ്ങൾ, ഗ്രഹണങ്ങൾ, വാൽ നക്ഷത്ര ദൃശ്യങ്ങൾ എന്നിവയുൾപ്പെടെ സമയ ക്രമത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈ വർഷത്തെ അമാവാസി തീയതികൾ ഇപ്രകാരം:

റബീഉൽ ആഖിർ: സെപ്റ്റംബർ 21.

ജമാദുൽ അവ്വൽ: ഒക്ടോബർ 21.

ജമാദുൽ ആഖിർ: നവംബർ 20.

ഈ രാത്രികളിൽ ചന്ദ്രപ്രകാശം മങ്ങിയതായിരിക്കും. രാത്രി ആകാശത്ത് പരിമിതമായ ദൈർഘ്യം മാത്രമേയുണ്ടാവുകയുള്ളൂ. ഇത് വാൽനക്ഷത്രങ്ങളെയും നക്ഷത്രങ്ങളെയും വിദൂര ഗാലക്‌സികളെയും നിരീക്ഷിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു.

ഉൽക്കാവർഷ വർധന

പല പ്രമുഖ ഉൽക്കാ വർഷങ്ങളും ശരത്കാലത്ത് ഉച്ചസ്ഥായിയിലെത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒക്ടോബർ 21, 22 തീയതികളിൽ ‘ഓറിയോണിഡു’കൾ പരമാവധി സജീവമാകും.
നവംബർ വരെ സജീവമായ ‘ടൗറിഡു’കൾ പലപ്പോഴും തിളക്കമുള്ള അഗ്‌നിഗോളങ്ങൾ പുറപ്പെടുവിക്കുന്നു.
നേരിയ പ്രകാശ മലിനീകരണത്തിൽ നിന്ന് അകലെ അർധ രാത്രിക്ക് ശേഷമാണ് ഏറ്റവും നല്ല കാഴ്ച സമയം. ശരത്കാല സായാഹ്നങ്ങളിൽ കിഴക്കൻ നക്ഷത്ര രാശികളുടെയും നക്ഷത്രങ്ങളുടെയും തിളക്കമുള്ള രൂപം കാണാം. അതിൽ സമ്മർ ട്രയാംഗിൾ, ഓറിയോൺ, കാസിയോപിയ, ആൻഡ്രോമിഡ, പെഗാസസ് എന്നിവ ഉൾപ്പെടുന്നു.

യു.എ.ഇയിൽ ശരത്കാല ആരംഭത്തിൽ പകൽ സമയം ഏകദേശം 12 മണിക്കൂർ 18 മിനുട്ടും, സീസണിന്റെ മധ്യത്തിൽ 11 മണിക്കൂർ 30 മിനുട്ടും, അവസാനത്തോടെ 10 മണിക്കൂർ 55 മിനുട്ടും ആയിരിക്കും. 2025ലെ ശരത്കാലത്ത് ചന്ദ്ര ഗ്രഹണങ്ങളോ സൂര്യ ഗ്രഹണങ്ങളോ ദൃശ്യമാകുന്നതല്ല.

പരിവർത്തന കാലം

രാജ്യത്തെ ശരത്കാലം വേനൽക്കാലത്തെ ചുട്ടു പൊള്ളുന്ന ചൂടിനും, ശൈത്യ കാലത്തെ നേരിയ തണുപ്പിനും ഇടയിലുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നുവെന്ന് അൽ ജർവാൻ പറഞ്ഞതായി റിപ്പോർട്ടിൽ പ്രസ്താവിച്ചു. ഇക്കാലയളവിൽ രാത്രിയിലും മരുഭൂമിയിലും പർവത പ്രദേശങ്ങളിലും താപനില കുത്തനെ കുറയുന്നു. ഇരുണ്ട പ്രദേശങ്ങളിൽ നക്ഷത്ര നിരീക്ഷണത്തിന് അനുയോജ്യമായ തെളിഞ്ഞ രാത്രി ആകാശമാണ് ഈ സീസണിന്റെ സവിശേഷത.

ശരത്കാല സംക്രമ ഘട്ടത്തിൽ സൂര്യൻ ഭൂമധ്യ രേഖയ്ക്ക് നേരെ മുകളിലായിരിക്കുമ്പോഴാണ് ജ്യോതിശാസ്ത്രപരമായ ശരത്കാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഈ വർഷം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച യു.എ.ഇ സമയം രാത്രി 10.20ന് ഇത് സംഭവിക്കുന്നു.
ശരത്കാലത്ത് ആകാശത്ത് രണ്ട് സന്ദർശക വാൽനക്ഷത്രങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ലെമ്മൺ, ഇന്റർ സ്റ്റെല്ലാർ ആണിവ. നഗ്‌ന നേത്രങ്ങൾക്കോ ബൈനോക്കുലറുകൾ കൊണ്ടോ ഇവയെ കാണാനാകുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours