റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉൾപ്പെടെ നഗരസൗന്ദര്യത്തിനു കോട്ടം വരുത്തിയ വസ്തുക്കൾ നീക്കം ചെയ്തു ദുബായ് മുനിസിപ്പാലിറ്റി. ഈ വർഷം ആദ്യ പകുതിയിൽ 1387 വാഹനങ്ങളാണ് മുനിസിപ്പാലിറ്റി നീക്കിയത്. ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും ഇത്തരത്തിൽ നീക്കി. ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6187 മുന്നറിയിപ്പ് നോട്ടിസുകളും ബന്ധപ്പെട്ടവർക്കു നഗരസഭ കൈമാറി.
നഗരശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജന ആരോഗ്യത്തെ കരുതിയുമാണ് നടപടിയെന്ന് നഗരസഭയുടെ മാലിന്യ നീക്കത്തിന്റെ ചുമതലയുള്ള ഡയറക്ടർ സയീദ് അബ്ദുൽ റഹീം സഫർ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്നതിന് മുൻപ് നഗരസഭ നടപടി ക്രമങ്ങൾ പാലിക്കും. ആദ്യം വാഹന ഉടമയെ കണ്ടെത്തി നോട്ടിസ് നൽകും.
വാഹനം നീക്കാൻ 3 മുതൽ 15 ദിവസം വരെ സമയം അനുവദിക്കും. വാഹനത്തിന്റെ അവസ്ഥ, പാർക്ക് ചെയ്ത സ്ഥലം എന്നിവ പരിഗണിച്ചാണ് ദിവസം തീരുമാനിക്കുക. നോട്ടിസിൽ അനുവദിച്ച സമയ പരിധി കഴിഞ്ഞും വാഹനം വഴിയിൽ കിടന്നാൽ എമിറേറ്റ്സ് പാർക്കിങ്ങിന്റെ സഹായത്തോടെ വാഹനം അൽ അവീറിലെ യാർഡിലേക്ക് മാറ്റും.
അനിശ്ചിതമായി വാഹനങ്ങൾ വഴിയിൽ ഉപേക്ഷിക്കരുതെന്ന് നഗരസഭ എല്ലാവർക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കാതെയും വൃത്തിയായി സൂക്ഷിച്ചും ജനങ്ങൾ സഹകരിക്കണം. വാഹനങ്ങൾ സംരക്ഷിക്കുന്നതിനു സുരക്ഷാ കവറുകളും ഉപയോഗിക്കണം. നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ എന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പു നൽകി.

+ There are no comments
Add yours