രണ്ട് വർഷം – 762 ബസ്സ് സ്റ്റോപ്പുകൾ; പുതിയ പദ്ധതിയുമായി ദുബായ് ആർ.ടി.എ

1 min read
Spread the love

ദുബായ്: രണ്ടുവർഷത്തിനുള്ളിൽ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിൽ 762 ബസ് സ്റ്റോപ്പുകൾ നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. എമിറേറ്റിന്റെ ആകർഷണീയത വർധിപ്പിക്കും വിധത്തിലുള്ള രൂപകൽപനയാണ് ബസ് സ്റ്റോപ്പുകൾക്കായി സ്വീകരിച്ചിട്ടുള്ളത്.

ചില ബസ് സ്റ്റോപ്പുകളുടെ നിർമാണത്തിൽ ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കാനും ആർ.ടി.എ. പദ്ധതിയിടുന്നുണ്ട്.

ഉപയോക്താക്കളുടെ എണ്ണത്തിനനുസരിച്ച് ബസ് സ്റ്റോപ്പുകളെ നാലായി തരംതിരിച്ചിട്ടുണ്ട്. പ്രതിദിനം 750-ലേറെ യാത്രക്കാർക്ക് സേവനം നൽകുന്ന പ്രധാന സ്റ്റോപ്പുകളാണ് ആദ്യത്തേത്. ഇത്തരം ബസ് സ്റ്റോപ്പുകളുടെ ഒരു ഭാഗം ശീതികരിക്കും. 250 മുതൽ 750 വരെ യാത്രക്കാരുള്ള സെക്കൻഡറി സ്റ്റോപ്പ്, 100 മുതൽ 250 വരെ യാത്രക്കാർ ഉപയോഗിക്കുന്ന പ്രാഥമികസ്റ്റോപ്പ്, ദിവസേന 100-ഓളം ആളുകൾ ഉപയോഗിക്കുന്ന പിക് അപ്പ് അല്ലെങ്കിൽ ഡ്രോപ്പ് ഓഫ് സ്റ്റേഷൻ എന്നിവയാണ് മറ്റു മൂന്ന് വിഭാഗങ്ങൾ.

ബസ് റൂട്ടുകൾ, സമയം തുടങ്ങിയവ ഉൾപ്പടെയുള്ള യാത്രാവിവരങ്ങൾ എല്ലാ ബസ് സ്റ്റോപ്പുകളിലും പ്രദർശിപ്പിക്കും.

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതോറിറ്റി നടത്തുന്ന വികസന പ്രവർത്തനങ്ങളാണിതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വീൽച്ചെയർ ഉപയോഗിക്കുന്നവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന വിധമായിരിക്കും ബസ് സ്റ്റോപ്പുകളുടെ നിർമാണം.

എമിറേറ്റിനെ നിശ്ചയദാർഢ്യ സൗഹൃദ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘എന്റെ സമൂഹം.. എല്ലാവർക്കുമായുള്ള ഇടം’ എന്ന സംരംഭത്തെയും നിർമാണ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്‌. നിശ്ചയദാർഢ്യമുള്ളവർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള ആർ.ടി.എ. യുടെ പ്രതിജ്ഞാബദ്ധതയും ഇതിൽ പ്രതിഫലിക്കുന്നുണ്ട്.

ഉയർന്ന ജനസംഖ്യ, പൊതു ബസ് സേവനങ്ങളുടെ ആവശ്യകത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റോപ്പിനായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്നും അൽ തായർ വിശദീകരിച്ചു. പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ആർ.ടി.എ.യുടെ ലക്ഷ്യങ്ങൾക്ക് പദ്ധതി നിർണായക സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷ.

You May Also Like

More From Author

+ There are no comments

Add yours