ഡെലിവറി ബൈക്ക് യാത്രക്കാർക്കായി ശീതീകരിച്ച അത്യാധുനിക വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഒപ്പം ഡെലിവറി ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത് വ, ഊദ് മെത് ഹ, കരാമമ, അർജാൻ തുടങ്ങി ദുബായിലെ പ്രമുഖ കേന്ദ്രങ്ങളിലായി നാൽപതോളം വിശ്രമകേന്ദ്രങ്ങളാണ് അതോറിറ്റി ഇതിനകം ഒരുക്കിയിരിക്കുന്നത്.
ഡെലിവറി കമ്പനികളുമായി സഹകരിച്ച് നടത്തിയ പഠനങ്ങളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ, ഏറ്റവും കൂടുതൽ ഡെലിവറി ആവശ്യങ്ങളുള്ള മേഖലകൾ കണ്ടെത്തിയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
അടുത്ത കാലത്തായി വലിയ വളർച്ച കൈവരിച്ച ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നെന്ന് അധികൃതർ പറഞ്ഞു.
കേന്ദ്രങ്ങളിൽ കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ, ഡെലിവറി ബൈക്കുകൾക്കായുള്ള പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. ഒരേസമയം ഏകദേശം 10 റൈഡർമാർക്ക് വിശ്രമിക്കാനാകും.

+ There are no comments
Add yours