2025ൽ യു.എ.ഇ വിസാ നിയമങ്ങളിൽ വൻ മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുളളത്. ടൂറിസ്റ്റുകൾക്കും, പ്രൊഫഷണലുകൾക്കും, റസിഡന്റുകൾക്കും ഉപകാരപ്രദമായ രീതിയിൽ പ്രവേശനവും താമസവുമായ ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. യാത്രകളും അപേക്ഷകളും കൂടുതൽ വ്യക്തതയോടെ നടത്താനാണിത്.
ഇത്തവണ യു.എ.ഇ ഗവൺമെന്റെ് ഗോൾഡൻ വിസ, ബ്ലൂ റെസിഡൻസി, സന്ദർശക വിസ എന്നിവയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പ്രധാനമായും ഫെഡറൽ അതോറിറ്റി 2025 സെപ്റ്റംബറിൽ നാല് പുതിയ സന്ദർശക വിസകൾ അവതരിപ്പിച്ചിട്ടുണ്ട്. എ.ഐ വിദഗ്ധർക്കായി ഏക പ്രവേശനമോ മൾട്ടിപ്പിൾ എൻട്രി വിസയോ ലഭിക്കും. കൂടാതെ വിനോദ പരിപാടികളിൽ പങ്കെടുക്കാനുളള താൽക്കാലിക വിസയായ എന്റർടെയിൻമെന്റ് വിസ, ഫെസ്റ്റിവൽ, എക്‌സിബിഷൻ, കോൺഫറൻസ്, സെമിനാർ തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുക്കാനായുളള ഇവന്റ് വിസ, ക്രൂയിസ് ഷിപ്പുകളും യാച്ചുകളും ഉപയോഗിക്കുന്ന വിനോദസഞ്ചാരികൾക്ക് മൾട്ടിപ്പിൾ എൻട്രി വിസ എന്നിവയാണ് പുതിയ സന്ദർശക വിസകൾ.
സെപ്റ്റംബർ മുതൽ യു.എ.ഇ റസിഡന്റുകൾക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്‌പോൺസർ ചെയ്യാൻ ഏറ്റവും കുറഞ്ഞത് 4,000 ദിർഹം മുതൽ 15,000 ദിർഹം വരെ ശമ്പളം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ സ്‌പോൺസറുമായ ബന്ധം തെളിയിക്കുന്ന രേഖയും നിർബന്ധമാണ്.
ഇത്തവണ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ വിപുലീകരിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ, ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ റെസിഡൻസ് പെർമിറ്റ് കൈവശമുള്ളവർക്ക് യു.എ.ഇ വിസ ഓൺ അറൈവൽ ലഭ്യമാക്കിയിട്ടുണ്ട്.
മുൻപ് യു.എസ്,യു.കെ, യൂറോപ്യൻ യൂണിയൻ വിസ/റെസിഡൻസ് ഉള്ളവർക്ക് മാത്രമായിരുന്നു ഈ സൗകര്യം.
പാകിസ്ഥാൻ പൗരന്മാർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കിയതായി യു.എ.ഇ അംബാസഡർ ഏപ്രിലിൽ അറിയിച്ചു. ആയതിനാൽ യാതൊരു ഹോസ്റ്റോ ഇല്ലാതെ നിരവധി തവണ യു.എ.ഇ.യിൽ പ്രവേശിക്കാം.
എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എല്ലാവരും സെപ്റ്റംബർ മുതൽ പാസ്‌പോർട്ടിന്റെ പുറം കവറിന്റെ കോപ്പിയും നിർബന്ധമായി സമർപ്പിക്കണം.
കൂടാതെ യു.എ.ഇയിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ വിസ പുതുക്കൽ സാധ്യമല്ല. ദുബായിലെ പുതിയ നിയമ പ്രകാരം ട്രാഫിക് പിഴ അടയ്ക്കാതെ റെസിഡൻസ് വിസയോ പുതുക്കലോ പൂർത്തിയാക്കാൻ കഴിയില്ല.
ഇതിലൂടെ ട്രാഫിക് നിയമങ്ങൾ പാലിക്കാനും പഴയ പിഴകൾ തീർപ്പാക്കാനും സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
ഇതിൽ ഏറ്റവും സുപ്രധാന മാറ്റം നഴ്‌സുമാർക്കുള്ള ഗോൾഡൻ വിസയാണ്
ദുബായ് ആരോഗ്യമേഖലയിൽ 15 വർഷത്തിലധികം സേവനം ചെയ്ത നഴ്‌സുമാർക്ക്, ഷെയ്ഖ് ഹംദാന്റെ നിർദേശപ്രകാരം ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റൽ ക്രിയേറ്റേഴ്‌സ്, ഇൻഫ്‌ലുവൻസേഴ്‌സ്, പോഡ്കാസ്റ്റേഴ്‌സ്, ആർട്ടിസ്റ്റുകൾ എന്നിവർക്കായി ദുബായ് ദീർഘകാല താമസ വിസയും നൽകുന്നുണ്ട്. ഇതിനായി creators hq വഴി അപേക്ഷിക്കാം.
മാനുഷിക സഹായങ്ങൾക്കായി സംഭാവന നൽകുന്ന വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വിസ ലഭ്യമാക്കാൻ ഒക്ടോബറിൽ പുതിയ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
വിദേശത്ത് അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ ഗോൾഡൻ വിസക്കാർക്ക് പ്രത്യേക ഹോട്ട്‌ലൈനും, ദുരന്ത സമയത്തെ അടിയന്തിര പദ്ധതികളിലും ഇവരെ ഉൾപ്പെടുത്തും.
പരിസ്ഥിതി സംരക്ഷണത്തിൽ സംഭാവന നൽകിയ അന്താരാഷ്ട്ര വ്യക്തികൾക്ക് ലഭിക്കുന്ന ബ്ലൂ റെസിഡൻസി (10വർഷ വിസ)ക്ക് 180ദിന മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആരംഭിച്ചിട്ടുണ്ട്.

+ There are no comments
Add yours