ഷാർജ: മൂന്നാം നിലയിലെ സ്റ്റെയർകേസിന്റെ ജനാലയിലൂടെ താഴേക്ക് വീണ് രണ്ടു വയസ്സുള്ള പാകിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടി താമസിക്കുന്ന ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ, ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുവെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
കുഞ്ഞിനെ ജനാലക്കരികിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടികൾ ഉൾപ്പെട്ട ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.മുഹമ്മദ് അർഷ്മാൻ എന്ന ബാലനാണ് മരണപ്പെട്ടത്. 20 വർഷമായി നിർമാണത്തൊഴിലാളിയായി യു.എ.ഇയിൽ ജോലി ചെയ്യുന്ന സജ്ജാദ് ഹുസൈൻറെ മകനാണ് അർഷ്മാൻ. കുടുംബം താമസിക്കുന്ന അപാർട്ട്‌മെൻറിന് പുറത്തുള്ള ഇടനാഴിയിൽ രണ്ട് പെൺകുട്ടികൾ കുഞ്ഞുമൊത്ത് കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കുട്ടി സ്റ്റെയർകേസിന്റെ ജനാലയ്ക്കരികിലെ തുറന്ന ഭാഗത്തുനിന്ന് താഴേക്ക് വീണത്.
പെൺകുട്ടികളിൽ ഒരാൾ സ്റ്റെയറിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ ഉള്ളിലേക്ക് വിളിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. രണ്ടാമത്തെ പെൺകുട്ടി ഈ സമയം ഗോവണിയുടെ ഭാഗത്ത് ഉണ്ടായിരുന്നു. കുട്ടി ഉള്ളിലേക്ക് കയറിയ ഉടൻ തന്നെ ആദ്യത്തെ പെൺകുട്ടി വാതിൽ അടച്ചു.
പിന്നീട് അവൾ കൈകൊണ്ട് ചെവി പൊത്തിപ്പിടിച്ച് വേഗത്തിൽ ഓടിപ്പോകുന്നതും കാണാം. തൊട്ടുപിന്നാലെ രണ്ടാമത്തെ പെൺകുട്ടിയും അവിടെനിന്ന് പുറത്തേക്ക് വരുന്നു.
സംഭവം ഷാർജ പോലീസ് സ്ഥിരീകരിച്ചു.. തുടർനടപടികൾക്കും ചോദ്യം ചെയ്യലിനുമായി കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണവും ഉദ്ദേശ്യവും വ്യക്തമല്ലെന്നും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

+ There are no comments
Add yours