എമിറേറ്റിലുടനീളമുള്ള കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമം പുറപ്പെടുവിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
ദുബായിലെ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ ഉയർന്ന തലത്തിൽ നിലനിർത്തുന്നുണ്ടെന്നും, സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും ഈ നിയമത്തിലൂടെ ഉറപ്പുവരുത്തും. താമസക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, അപകടസാധ്യതകൾ പരമാവധി കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, എമിറേറ്റിന്റെ തനതായ നഗര വ്യക്തിത്വവും വാസ്തുവിദ്യാ ശൈലിയും നിലനിർത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
നിയമപ്രകാരം, കെട്ടിട സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിന്റെ പൂർണ്ണ മേൽനോട്ടം ദുബായ് മുൻസിപ്പാലിറ്റിക്കായിരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് പരിശോധനകൾ നടത്തുന്നതിനൊപ്പം, എമിറേറ്റിലെ മുഴുവൻ കെട്ടിടങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഏകീകൃത ഡാറ്റാബേസ് വികസിപ്പിക്കാനും ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കാനും മുൻസിപ്പാലിറ്റിക്ക് ചുമതലയുണ്ട്.

+ There are no comments
Add yours