സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങളെ മാറ്റിമറിച്ച ദുബായ് മെട്രോ ആരംഭിച്ചിട്ട് 16 വർഷം തികയുന്നു. 2009 സെപ്റ്റംബർ ഒൻപതിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.
എമിറേറ്റിന്റെ പ്രധാന പ്രദേശങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാസംവിധാനം പതിനാറാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ കോടിക്കണക്കിനു യാത്രക്കാർക്ക് സേവനം നൽകുന്ന ലോകോത്തര ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി വളർന്നു. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയുമെല്ലാം ജീവിതരീതിയെതന്നെ ഈ യാത്രാസംവിധാനം മാറ്റിമറിച്ചു.
99.7 ശതമാനം കൃത്യനിഷ്ഠയോടെ വിശ്വാസ്യത, സുരക്ഷ, സൗകര്യങ്ങൾ എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന പൊതുജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു യാത്രാസംവിധാനമാണ് ദുബായ് മെട്രോ. നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള റെഡ് ലൈൻ, ഗ്രീൻ ലൈൻ എന്നീ പാതകളിലേക്ക് ബ്ലൂ ലൈൻ കൂടി ചേർക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഈ വർഷം ആദ്യപകുതിയിൽ മാത്രം റെഡ്, ഗ്രീൻ ലൈനുകളിലായി 14.39 കോടി ആളുകൾ യാത്ര ചെയ്തു. ഡിസംബറോടെ യാത്രക്കാരുടെ എണ്ണം 30 കോടി കവിയുമെന്നാണ് പ്രതീക്ഷ. 2031ഓടെ ഇത് 32 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. 2009ൽ 10 സ്റ്റേഷനുകളും 16 ട്രെയിനുകളുമായി ആരംഭിച്ച ദുബായ് മെട്രോയിൽ മൊത്തം 64 സ്റ്റേഷനുകളും 140ലേറെ ട്രെയിനുകളുമുണ്ട്.

+ There are no comments
Add yours