കഴിഞ്ഞ ദിവസം ദുബായ് കരാമയിൽ വെച്ച് കൊല്ലപ്പെട്ട ആനി മോൾ ഗിൽഡയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി 10:20 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഈ കഴിഞ്ഞ മെയ് 4 നാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്.
പെണ്‌സുഹൃത്തിനെ കൊന്ന ശേഷം സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അബുദാബി എയർപോർട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവിൽ അബിൻ ലാൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. നാടുവിടാൻ കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്. കൊലയ്ക്ക് ശേഷം ഉടൻ ഇന്ത്യയിലെത്തിയാൽ പിന്നെ പിടിക്കില്ലെന്നായിരുന്നു അബിന്റെ പ്രതീക്ഷ.
ആനിയും അബിൻലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സോഷ്യൽ മീഡിയാ സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്നാണ് അബുദാബിയിലെ ബർജീൽ ഹോസ്പിറ്റലിൽ ഓഫീസ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്ന അബിൻ ലാൽ ആനിയെ സന്ദർശക വിസയിൽ അബുദാബിയിൽ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കരാമയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ആനി അബിനിൽ നിന്നും അകൽച്ച കാണിക്കുകയുമുണ്ടായി.
ഇതോടെ ആനിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അബിൻ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ആയിരിക്കാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

+ There are no comments
Add yours