സൗദി: സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റ സ്ഥാപനത്തിനെതിരെ നടപടിയുമായി അധികൃതർ. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ കാലഹരണപ്പെട്ട തീയതികളിൽ മാറ്റം വരുത്തിയശേഷം ഉൽപ്പന്നം വിൽക്കുന്നതായാണ് കണ്ടെത്തിയത്.
ഇത് കോസ്മെറ്റിക് ഉൽപ്പന്ന നിയമത്തിന്റെ ലംഘനം ആണെന്നറിയിച്ചുകൊണ്ട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി(Saudi Food and Drug Authority) ആണ് സ്ഥാപനത്തെ പൊതുവിചാരണയ്ക്ക് വിട്ടിരിക്കുന്നത്
സ്ഥാപനം നടത്തിയിരിക്കുന്ന നിയമലംഘനവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം നിയമാനുസൃതമായി തന്നെ സ്ഥാപനത്തെയും അതിന്റെ ഉടമസ്ഥരെയും പൊതുവിചാരണയ്ക്ക് വിടാനാണ് തീരുമാനം.
സൗന്ദര്യവർദ്ധക ഉത്പന്ന നിയമത്തിലെ ആർട്ടിക്കിൾ 31 പ്രകാരം ഇത്തരത്തിൽ കാലാവധി കഴിഞ്ഞ തീയതി ഉൽപ്പന്നത്തിനുമേൽ കൃത്രിമമായി എഴുതിച്ചേർക്കുന്നത് കുറ്റകരമായ പ്രവർത്തിയാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിൽ അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകാൻ സർക്കാരിന് അധികാരമുണ്ട്. മാത്രമല്ല ഇത്തരം സംഭവങ്ങളെ പൊതുവിചാരണയ്ക്ക് വിടാനും നിയമമുണ്ട്.
