ഖത്തറിലെ റാസ് ലഫാൻ എൽഎൻജി സ്ഫോടനം; 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

1 min read
Spread the love

ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ 66 പേർക്ക് പരുക്കേറ്റു. ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നിൽ അട്ടിമറിയോ മറ്റെന്തെങ്കിലും ശത്രുതാപരമായ പ്രവർത്തനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രി 10:30 ഓടെയാണ് സ്ഫോടനമുണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്. ‌സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയിരുന്നു.

ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്‌ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. ആയതിനാൽ സ്‌ഫോടനം ആഗോള ഊർജ്ജ വിപണിയിൽ പ്രതിസന്ധിക്ക് വഴിവെച്ചേയ്ക്കാമെന്നാണ് വിവരം. നേരത്തെ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടർന്ന് ഖത്തറിന് തങ്ങളുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.

അതേസമയം, അപകടം കയറ്റുമതിയെ ബാധിക്കില്ലെന്നും, പ്രാദേശിക പ്ലാന്റിലാണ് അപകടമുണ്ടായതെന്നും ഊർജകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളെയും അപകടം ബാധിക്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി അഗാധമായ ആശങ്ക രേഖപ്പെടുത്തി. ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

You May Also Like

More From Author

+ There are no comments

Add yours