ഹോർമുസ് കടലിടുക്കിൽ ഇറാൻ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉണ്ടെങ്കിൽ അത് നിർത്തണമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
‘ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽനിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് – അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ അതിപ്പോൾ അവസാനിപ്പിക്കണം’- ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടന്നുപോകാൻ ഇറാൻ നിബന്ധനകൾ വെക്കുന്നുവെന്നും തങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇറാനും യുഎസും തമ്മിലുള്ള നിർണായക ചർച്ചയ്ക്ക് മുമ്പായിട്ടാണ് ട്രംപിന്റെ പ്രതികരണം.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യവുമായി യു.എസും ഇറാനും തമ്മിൽനടത്തുന്ന ചർച്ച വെള്ളിയാഴ്ച പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് നടക്കുക. രണ്ടാഴ്ച സോപാധിക വെടിനിർത്തലിന് യു.എസും ഇറാനും ബുധനാഴ്ച സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച. ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷഭരിതമായത്.
നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ ചർച്ചയിൽ പങ്കെടുക്കുമെന്ന് പാകിസ്താനിലെ അവരുടെ സ്ഥാനപതി റേസ അമീറി മുഗാദം പറഞ്ഞു. ഇറാൻ മുന്നോട്ടുവെച്ച 10 നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ചർച്ചയെന്നും പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യു.എസിനെ പ്രതിനിധാനം ചെയ്ത് ചർച്ചയ്‌ക്കെത്തുക എന്നാണ് കരുതുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യാ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായേക്കും. വെള്ളിയാഴ്ചത്തെ ചർച്ചയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇളവുചെയ്യൽ, പശ്ചിമേഷ്യയിലെ സുരക്ഷയുറപ്പാക്കൽ, ഇറാന്റെ ആണവ-മിസൈൽ പദ്ധതിയുടെ ഭാവി നിശ്ചയിക്കൽ എന്നിവയുൾപ്പെടെയുള്ള ദീർഘകാല സമാധാനപദ്ധതികളാകും ചർച്ചയ്ക്കുവരുകയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
തങ്ങൾ മുന്നോട്ടുവെച്ച 10 നിർദേശങ്ങളെ അടിസ്ഥാനമാക്കിയാകും ചർച്ചയെന്ന് ഇറാൻ സൂചിപ്പിച്ചു. ഉപരോധങ്ങൾ നീക്കൽ, ഭാവിയിൽ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ സംവിധാനം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ നിർദേശങ്ങളിലുള്ളത്.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെടിനിർത്തലിന്റെ കാര്യത്തിൽ ഇരുപക്ഷത്തിനുമിടയിൽ കാര്യമായ അവിശ്വാസം നിലനിൽക്കുന്നുണ്ട്. ആണവനിർവ്യാപനക്കരാർ ഉണ്ടാക്കുന്നതിനുള്ള ചർച്ചയ്ക്കിടെയാണ് യു.എസും ഇസ്രയേലും ചേർന്ന് ആക്രമിച്ചത് എന്നതിനാൽ സമാധാനശ്രമങ്ങളെ ഇറാൻ കരുതലോെടയാണ് സമീപിക്കുന്നത്.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, കരസേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, ഉപപ്രധാനമന്ത്രികൂടിയായ വിദേശകാര്യമന്ത്രി ഇഷാഖ് ദർ എന്നിവരാണ് നയതന്ത്രശ്രമത്തിനു ചുക്കാൻ പിടിക്കുന്നത്. വെള്ളിയാഴ്ച രാത്രിവൈകി ദർ, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ ഫോണിൽവിളിച്ച് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ധരിപ്പിച്ചു. കനേഡിയൻ വിദേശകാര്യമന്ത്രി അനിതാ ആനന്ദ്, കുവൈത്ത് വിദേശകാര്യമന്ത്രി ജാറാ ജാബെർ അൽ സബാഹ് എന്നിവരുമായും ദർ സംസാരിച്ചു.

+ There are no comments
Add yours