ഇന്ത്യൻ ഫുട്ബോളിന് വീണ്ടും കനത്ത തിരിച്ചടി. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഉസ്ബെക്കിസ്താനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ അവസാനിച്ചു.

ഇന്ത്യൻ പ്രതിരോധ നിരയിലെ കനത്ത പോരായ്മകളാണ് ഉസ്ബെക്കിസ്താന്റെ മൂന്നു ഗോളിനും വഴിയൊരുക്കിയത് എന്നാണ് വിലയിരുത്തൽ. മൂന്ന് ഗോളുകളും കളിയുടെ ആദ്യ പകുതിയിലാണ് ഉസ്ബെക്കിസ്താൻ വലയിലാക്കിയത്.
മത്സരത്തിൻറെ നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഉസ്ബെക്കിസ്താന് വേണ്ടി ഗോൾ നേടി.

ഓസ്ട്രേലിയയോടായിരുന്നു ഇന്ത്യയുടെ ആദ്യത്തെ തോൽവി. രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ നിലവിൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്. രണ്ടു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ ആറു പോയൻറുമായി ഒന്നാമതും ഒരു ജയവും സമനിലയുമായി ഉസ്ബെക്കിസ്താൻ രണ്ടാമതുമാണ്.

+ There are no comments
Add yours