ലഹരിമരുന്ന് കേസിൽ മുൻ ടിവി അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ

1 min read
Spread the love

വൻതോതിലുള്ള ലഹരിമരുന്ന് നിർമ്മാണ കടത്ത് കേസിൽ ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരക സാറാ ഖലീഫ(39)യ്ക്ക് വധശിക്ഷ. കൊയ്‌റോ ക്രിമിനൽ കോടതിയാണ് സാറാ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ചത്.

ടെലിവിഷൻ സ്‌ക്രീനിൽ ക്രൈം ഷോകളിലൂടെ ജനങ്ങളെ ഉപദേശിക്കുകയും കുറ്റവാളികളെ തുറന്നുകാട്ടുകയും ചെയ്തിരുന്ന അവതാരകയാണ് സാറ. ‘മിഷൻ ഇംപോസിബിൾ’ എന്ന പരിപാടിയിലൂടെയാണ് അവർ ശ്രദ്ധേയയായത്.

വിദേശത്തുനിന്ന് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് കൃത്രിമ ലഹരിമരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്ത സംഘത്തിലെ പ്രധാനിയായിരുന്നു സാറയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അൽ അഹ്രാം പത്രം റിപ്പോർട്ട് ചെയ്തു.

കെയ്‌റോയിലെ രണ്ട് ആഡംബര അപ്പാർട്ടുമെന്റുകളിൽ പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നായി 750 കിലോഗ്രാമിലധികം മയക്കുമരുന്നും നിർമ്മിണ സാമഗ്രികളും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് പിടിച്ചെടുത്തത്.

കേസിൽ 20 സാക്ഷികളുടെ മൊഴികൾക്കൊപ്പം സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാറാ ഖലീഫയെ 2025 ഏപ്രിലിലാണ് കെയ്റോയിൽ അറസ്റ്റ് ചെയ്തത്.

കോടതിയിൽ വാദം നടക്കുമ്പോൾ താൻ തികച്ചും നിരപരാധിയാണെന്നും ജീവിതത്തിൽ ഇന്നുവരെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നും സാറ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. മുൻപ് ലഹരിമരുന്ന് കണ്ടിട്ടുപോലുമില്ലെന്നും ആന്റി-നാർക്കോട്ടിക് ഓഫീസിൽ വെച്ചാണ് ഇവയുമൊത്ത് തന്റെ ചിത്രം പകർത്തിയതെന്നും അവർ ആരോപിച്ചു. എന്നാൽ സാക്ഷികളുടെ മൊഴികളും സന്ദേശങ്ങളും ദൃശ്യങ്ങളും അടക്കമുള്ള ഡിജിറ്റൽ തെളിവുകളും നിരത്തി പ്രോസിക്യൂഷൻ സാറയുടെ കള്ളക്കളി പൊളിച്ചടുക്കുകയായിരുന്നു. വധശിക്ഷ വിധിക്കുന്നതിന് മുമ്പ് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം കോടതി തേടിയിരുന്നു. വധശിക്ഷാ കേസുകളിൽ ഈ നടപടിക്രമം ഈജിപ്തിൽ നിയമപരമായി ആവശ്യമാണ്. എന്നാൽ മുഫ്തിയുടെ അഭിപ്രായം കോടതിയെ നിയമപരമായി ബാധിക്കുന്നതല്ല.

You May Also Like

More From Author

+ There are no comments

Add yours