ഇറാൻ-യുഎസ് സംഘർഷം നാലാം ദിവത്തിലേക്ക്. ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി എംബസി വ്യക്തമാക്കി.
നേരത്തെ സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ എംബസി ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. എംബസി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അബുദാബിയിലേക്ക് പോകുകയായിരുന്ന രണ്ട് ഇത്തിഹാദ് എയർലൈൻസ് വിമാനങ്ങൾ ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് തിരിച്ചുവിട്ടു.
ബഹ്റൈനിലെ യുഎസ് താവളത്തിനുനേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിനു നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഐആർജിസി അറിയിച്ചു. 20 ഡ്രോണുകളും മൂന്ന് മിസൈലുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രധാന കമാൻഡ്, ഹെഡ്‌ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. എന്നാൽ, ബഹ്റൈൻ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

+ There are no comments
Add yours