തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 2455 ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമാണു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, തമിഴ്നാട്ടിൽനിന്നുള്ള റോബർട്ട് ബ്രൂസ് തുടങ്ങിയ അഞ്ച് എംപിമാരും വിമാനത്തിലുണ്ട്.
വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാൽ അരമണിക്കൂറോളം വൈകിയാണു വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം ചെന്നൈയില്‍ ഇറക്കി. അടിയന്തര ലാൻഡിങ് നടത്താൻ ആദ്യം ശ്രമിക്കവേ റൺവേയിൽ മറ്റൊരു വിമാനം കൂടിയുണ്ടായിരുന്നു. ഇതേതുടർന്നു വീണ്ടും പറന്നുയർന്ന വിമാനം അരമണിക്കൂറിനു ശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘‘വിമാനം സാങ്കേതിക തകരാറുകളെ തുടർന്നു ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു’’– കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ‘‘വിമാനം സുരക്ഷിതമായി ചെന്നൈയിൽ എത്തിച്ചേർന്നു. വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ എത്രയും വേഗം ഒരുക്കും’’– എയർ ഇന്ത്യ വക്താവ് പറഞ്ഞു.

+ There are no comments
Add yours