മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇ ഗവ. അവാർഡ്; ജീവിതം മാറി മറിഞ്ഞെന്ന് പ്രമീള

1 min read
Spread the love

അബുദാബി: അബുദാബി കനേഡിയൻ മെഡിക്കൽ സെന്ററി(സിഎംസി)ൽ ജോലി ചെയ്യുന്ന മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇ മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ അവാർഡ്.

22 ലക്ഷത്തിലേറെ രൂപ(1 ലക്ഷം ദിർഹം) വിലമതിക്കുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ(51)നാണ് ഒരു ലക്ഷം ദിർഹം കൂടാതെ, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന പുരസ്കാരം സ്വന്തമാക്കിയത്. പ്രസിഡ‍ൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനി(Sheikh Mohammed bin Hamad bin Tahnoon Al Nahyan)ൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി.

13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്ന പ്രമീളയുടെ ജോലിയിലുള്ള ആത്മാർഥതയും സത്യസന്ധതയും ഉൗർജസ്വലതയുമൊക്കെ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.

അബുദാബിയിൽ നഴ്സായിരുന്ന സഹോദരൻ പ്രസാദ് അയച്ചുകൊടുത്ത സന്ദർശക വിസയിൽ 2019ലാണ് പ്രമീള ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. ഭർത്താവ് നേരത്തെ മരിച്ചുപോയതിനാൽ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും താമസിക്കാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കുകയായിരുന്നു ലക്ഷ്യം. നാട്ടിൽ 500 രൂപയിൽ താഴെ ദിവസക്കൂലിക്ക് ജോലി ചെയ്തുവരുമ്പോഴായിരുന്നു ഗൾഫിലെത്തിയത്. എന്നാൽ, യുഎഇ മണ്ണ് പ്രമീളയ്ക്ക് നേട്ടങ്ങൾ മാത്രം സമ്മാനിച്ചു. എന്തു കാര്യം ചെയ്യുമ്പോഴും അതിനെ ആത്മാർഥതയോടെ സമീപിക്കണമെന്ന ചിന്തയാണ് തന്റെ വിജയത്തിന് കാരണമെന്ന് പ്രമീള പറയുന്നു.

ഇത്രയും വലിയ തുക ലഭിക്കുന്നതോടെ ജീവിതത്തിലെ വലിയ പല പ്രതിസന്ധികൾക്കും പരിഹാരമാവുകയാണെന്നും ജീവിതം തന്നെ മാറി മറയുകയാണെന്നും പ്രമീള കൂട്ടി ചേർത്തു

You May Also Like

More From Author

+ There are no comments

Add yours