ഉയരം വെറും 3 അടി; ദുബായ് ഇൻ്റർനെറ്റ് സെൻസേഷൻ അബ്ദു റോസിക്ക് ജൂലൈയിൽ വിവാഹം

1 min read
Spread the love

ദുബായ് ആസ്ഥാനമായുള്ള താജിക്ക് ഇൻ്റർനെറ്റ് സെൻസേഷൻ, മൂന്നടി മാത്രം ഉയരമുള്ള അബ്ദു റോസിക്ക്, ഷാർജയിൽ നിന്നുള്ള ഒരു എമിറാത്തി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന വാർത്തയും സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

“ഈ സ്നേഹത്തേക്കാൾ വിലയേറിയ ഒന്നും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ജീവിതത്തിൽ എൻ്റെ പുതിയ യാത്ര ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല,” റോസിക് പറഞ്ഞു.

അജ്ഞാത യുഎഇ ലൊക്കേഷനിൽ ജൂലൈ 7 ന് നിശ്ചയിച്ചിരുന്ന വിവാഹം റോസിക്കിൻ്റെ മാനേജ്‌മെൻ്റ് കമ്പനിയായ ഇൻ്റർനാഷണൽ ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് മാനേജ്‌മെൻ്റ് (IFCM) സ്ഥിരീകരിച്ചു. “അബ്ദു റോസിക്ക് അതിൽ ത്രില്ലിലാണ്. ഞങ്ങൾ എല്ലാവരും അദ്ദേഹത്തിൽ സന്തുഷ്ടരാണ്, ദമ്പതികൾക്ക് ആശംസകൾ നേരുന്നു,” ഐഎഫ്‌സിഎം വക്താവ് പറഞ്ഞു.

20 കാരനായ റോസിക്ക്, തൻ്റെ 19 വയസ്സുള്ള എമിറാത്തി വധു അമീറയെ വിവാഹം ചെയ്യും.

എആർ റഹ്മാൻ ഉൾപ്പെടെയുള്ള പ്രശസ്തരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അബ്ദു ഇന്ത്യൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാർത്ഥിയായി വന്നിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായ് മാളിൽ വച്ചാണ് താൻ അമീറയെ കണ്ടുമുട്ടിയതെന്ന് അബ്ദു വെളിപ്പെടുത്തി. ‘എനിക്ക് ദൈനംദിന ജീവിതം അത്ര എളുപ്പമല്ല. ഒരുപാട് തടസ്സങ്ങൾ ഉള്ളതിനാൽ സ്‌നേഹം കണ്ടെത്തുകയെന്നത് അതിനേക്കാൾ വലിയ വെല്ലുവിളിയായി തോന്നി. പക്ഷേ, ദൈവത്തിന് സ്തുതി, ഞാൻ അമീറയെ കണ്ടെത്തി. അവൾ എന്നെ സ്‌നേഹിക്കുന്നു; ഞാൻ ആരാണെന്നും എന്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ.’

നിലവിൽ ഇൻസ്റ്റാഗ്രാമിൽ 8.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അബ്ദു റോസിക്ക് താജിക്കിസ്താനിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനിച്ചത്.

പ്രാദേശിക ചന്തകളിൽ പാട്ടുപാടി ഉപജീവനം കഴിച്ചിരുന്ന നാളുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. മിക്‌സഡ് മാർഷ്യൽ ആർട്‌സ് ഇനത്തിൽ ഹസ്ബുള്ള മഗ്മെദോവുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ലോകമറിയുന്ന സോഷ്യൽ മീഡിയ താരമായി ഉയർന്നു.

You May Also Like

More From Author

+ There are no comments

Add yours