യു.എ.ഇ: ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ആദ്യമായി യുഎഇ ചൈനയുമായി 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട് നടത്തി. യു.എ.ഇ വൈസ് പ്രസിഡൻ്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി ചെയർമാനും, യു.എ.ഇ സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mansour bin Zayed Al Nahyan) തിങ്കളാഴ്ച യുഎഇ സെൻട്രൽ ബാങ്കിൻ്റെ ഡിജിറ്റൽ കറൻസിയായ ‘ഡിജിറ്റൽ ദിർഹമാണ്’ ചൈനയ്ക്ക് അയച്ചു നൽകിയത്.
ബ്ലോക്ക്‌ചെയിൻ എന്നറിയപ്പെടുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, ബാങ്കുകൾ തമ്മിലുള്ള അന്താരാഷ്ട്ര ഫണ്ട് കൈമാറ്റത്തിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (CBDC) ഉപയോഗിക്കുന്ന “mBridge” വഴിയാണ് 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട് ചൈനയുമായി നടത്തിയിരിക്കുന്നത്.
സി.ബി.യു.എ.ഇയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ പങ്കെടുക്കവെയാണ് ഷെയ്ഖ് മൻസൂർ പണം നൽകിയത്.
എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിൽ ഉയർന്ന തലത്തിലുള്ള പരിശീലനവും യോഗ്യതാ പ്രോഗ്രാമും പൂർത്തിയാക്കിയ 1,056 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ആദ്യ ബാച്ചിൻ്റെ ബിരുദദാനവും ചടങ്ങിൽ വെച്ച് നടന്നു.
50 വർഷത്തിലേറെയായി യുഎഇയുടെ സാമ്പത്തിക, പണ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ നയിക്കുന്നതിനും സെൻട്രൽ ബാങ്ക് വലിയ സംഭാവന നൽകി. ധനകാര്യ സേവന മേഖലയിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിനുള്ളിൽ (FIT പ്രോഗ്രാം) സെൻട്രൽ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന നൂതന പദ്ധതികളെയും ചടങ്ങിൽ വിദഗ്ധർ പ്രശംസിച്ചു.
ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള നേതൃത്വത്തിൻ്റെ ലക്ഷ്യത്തെ ഷെയ്ഖ് മൻസൂർ അഭിനന്ദിച്ചു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ വികസന ശ്രമങ്ങൾ നയിക്കുന്നതിനും പുറമേ, സാമ്പത്തികസ്ഥിരത ഏകീകരിക്കുന്നതിലും സാമ്പത്തിക വ്യവസ്ഥയിൽ കാര്യക്ഷമതയും വഴക്കവും കൈവരിക്കുന്നതിലും CBUAE യുടെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് എല്ലാം ഡിജിറ്റലായി മാറുന്ന കാലത്ത് യു.എ.ഇയും ഇത്തരം സാങ്കേതിക കാര്യങ്ങളിൽ ഒട്ടും പിന്നിലല്ല. ആദ്യമായി ഡിജിറ്റൽ കറൻസി കൈമാറ്റത്തിലൂടെ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ പുതിയ പുരോഗതിയും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയാണ് എമിറേറ്റ്സ്.
+ There are no comments
Add yours