യു.എ.ഇ: കൊടും തണുപ്പിലമർന്ന് യു.എ.ഇ. ഇതാദ്യമായി ഈ ശൈത്യകാലത്ത് യു.എ.ഇയിലെ താപനില ഒടുവിൽ 5 ഡിഗ്രി സെൽഷ്യസിലെത്തി. ഗൾഫ് പൈതൃക കലണ്ടറിൽ ജനുവരി 12 നും ജനുവരി 24 നും ഇടയിലുള്ള കാലയളവ് ശൈത്യകാലത്തിന്റെ ഏറ്റവും ഉയർന്ന സമയമാണ്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പല പ്രദേശങ്ങളിലെയും നിവാസികൾ കൊടും തണുപ്പാണ് അനുഭവിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 5.3 ഡിഗ്രി സെൽഷ്യസാണ്.
ജനുവരി 10ാം തീയ്യതി രാവിലെ 7.30-ന് രക്ന(Raknah (Al Ain))യിൽ താപനില 5.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഈ വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസമായി ഔദ്യോഗികമായി ഇത് രേഖപ്പെടുത്തുന്നു. ഈ വർഷം ഇതുവരെ എൻസിഎം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വ്യാഴാഴ്ച പ്രദേശത്തെ താപനില 5.8 ഡിഗ്രി സെൽഷ്യസായിരുന്നു.
“എല്ലാ വർഷവും ജനുവരി 12 മുതൽ 24 വരെയുള്ള കാലയളവ് ശൈത്യകാലത്തിന്റെ മൂർധന്യാവസ്ഥയിൽ എത്തിയതായി കണക്കാക്കപ്പെടുന്നു. ഈ കാലഘട്ടത്തിലെ അന്തരീക്ഷത്തിന്റെ പൊതു സവിശേഷതയാണ് ഈ കൊടുതണുപ്പ്. എപ്പോൾ വേണമെങ്കിലും താപനില കുറയും”- എമിറേറ്റ്‌സ് ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇങ്ങനെ പ്രസ്താവിച്ചു.
+ There are no comments
Add yours