സൗദി: സൗദി അറേബ്യ അഞ്ച് പുതിയ വിസ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. സ്പോൺസർ ഇല്ലാതെ സ്വന്തം നിലയിൽ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവാദം ലഭിക്കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) അഞ്ചു വിഭാഗങ്ങളിലായി നൽകാനാണ് തീരുമാനം. പ്രത്യേക കഴിവുള്ളവർ, പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, സ്റ്റാർട്ടപ് സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയാണ് അഞ്ച് പുതിയതരം വിസ അനുവദിക്കുന്നത്.
പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റെസിഡൻസി സെന്റർ ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയാണ് അറിയിച്ചത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം ത്വരിതപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കാഴ്ചപ്പാടുകൾക്ക് അനുകൂലമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അൽഖസബി പറയുന്നു.
പ്രീമിയം ഇഖാമയുടെ നേട്ടങ്ങൾ
വിദേശികൾക്കും ആശ്രിതർക്കുമുള്ള ലെവി ഇളവ്
കുടുംബാംഗങ്ങൾക്കുള്ള ഇഖാമ
വിസയില്ലാതെ സൗദിയിൽ നിന്ന് പുറത്തുപോകൽ
രാജ്യത്ത് തിരികെ പ്രവേശിക്കൽ
ഫീസുകളില്ലാതെ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്വതന്ത്രമായ തൊഴിൽ മാറ്റം
ബന്ധുക്കൾക്കുള്ള വിസിറ്റ് വിസ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കും
മാതാപിതാക്കളും ഭാര്യമാരും 25ൽ കുറവ് പ്രായമുള്ള മക്കളും അടക്കം കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാം
+ There are no comments
Add yours