യാത്രാസമയം കുറയ്ക്കുന്നതിനായി 80 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഫോർത്ത് കോറിഡോർ’; അംഗീകാരം നൽകി ദുബായ്

1 min read
Spread the love

ദുബായ്-അബുദാബി ​ഗതാ​ഗതം ശക്തമാക്കുന്ന പുതിയ ‘ഫോർത്ത് കോറിഡോർ’ പദ്ധതിക്ക് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി. ദുബായിലെ ഈ പുതിയ ‘ഫോർത്ത് കോറിഡോർ’ എമിറേറ്റുകൾക്കിടയിലുള്ള യാത്രാസൗകര്യങ്ങളിൽ വലിയ മറ്റം കൊണ്ടുവരുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

80 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത അബുദാബിയുമായും ഷാർജയുമായും ബന്ധിപ്പിക്കപ്പെടുകയും, അതുവഴി യാത്രാസമയം 60% വരെ കുറയ്ക്കുകയും ചെയ്യും. അബുദാബിയിലെ അൽ ഫയാ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെ ഏകദേശം 80 കിലോമീറ്റർ നീളുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 3.5 ബില്ല്യൺ യുഎഇ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇരുവശങ്ങളിലേക്കുമായി 12 ലെയ്നുകളോടെ നിർമ്മിക്കുന്ന അതിവേഗ പാതയിൽ 72 പാലങ്ങൾ, 17 തുരങ്കങ്ങൾ, 45 വെള്ളപ്പൊക്ക നിവാരണ കലുങ്കുകൾ എന്നിവ ഉൾപ്പെടുന്നു. മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി കാൽലക്ഷം വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഈ പുതിയ ഇടനാഴിയിലൂടെ സാധിക്കും.

ദുബായിയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഫോർത്ത് കോറിഡോർ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ഇത്തിഹാദ് റെയിലുമായും നേരിട്ട് ബന്ധിപ്പിക്കും. 31 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യാഥാർത്ഥ്യമാക്കുന്നത്.

എമിറേറ്റുകൾക്കിടയിൽ ആളുകളുടെയും ചരക്കുകളുടെയും ഗതാഗതത്തിന് പ്രധാനപ്പെട്ട മറ്റൊരു പാത ഒരുക്കുന്നതിലൂടെ, ലോജിസ്റ്റിക്സ്, വാണിജ്യ ഗതാഗത മേഖലകളെയും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുബായിയുടെ വികസന പദ്ധതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപം നിർണായകമാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

“വളർച്ചയുടെ പ്രധാന ചാലകശക്തിയായും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള അടിസ്ഥാനസ്തംഭമായും, ഒപ്പം ദുബായിയുടെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണയായും കണക്കാക്കിക്കൊണ്ട് ഞങ്ങൾ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപം തുടരുകയാണ്,” അദ്ദേഹം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours