ദുബായ്: ദുബായിൽ വച്ച് ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടവർക്ക് സഹായവുമായി ദുബായ് പൊലീസ്. നഷ്ടപ്പെട്ട ഫോണോ പേഴ്‌സോ തിരികെ കിട്ടുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പൊലീസ്.
യുഎഇയിൽ എവിടെ ആണെങ്കിലും നഷ്ടപ്പെട്ട സാധനങ്ങൾ ജോലി സ്ഥലത്തോ അല്ലെങ്കിൽ വീടുകളിലോ കൊറിയർ വഴി എത്തിക്കുന്ന സേവനമാണ് ദുബായ് പൊലീസ് അവതരിപ്പിച്ചത്.
മറ്റാരുടെയെങ്കിലും സാധനങ്ങൾ കണ്ടുകിട്ടുകയാണെങ്കിൽ അത് കൈമാറാൻ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വന്ന് കൈമാറേണ്ട ആവശ്യവും ഇനിയില്ല. അതിന് പകരം പൊലീസിന്റെ കോൾ സെന്ററായ 901ൽ വിവരം അറിയിച്ചാൽ മതിയാകും.കാണാതായ വസ്തുക്കളുടെ വിവരങ്ങളും ഇതേ നമ്പറിൽ വിളിച്ചാണ് അറിയിക്കേണ്ടത്.
എക്‌സ് പേജിലൂടെയാണ് ദുബായ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാത്രം 1,71,490 കാണാതായ സാധനങ്ങളാണ് ഉടമകൾക്ക് ദുബായ് പൊലീസ് കണ്ടെത്തി നൽകിയത്. യുഎഇയിൽ നിന്ന് തിരികെ സ്വന്തം നാടുകളിലേക്ക് പോയ ടൂറിസ്റ്റുകൾക്കും ദുബായ് പൊലീസ് കണ്ടെത്തിയ വസ്തുക്കൾ എത്തിച്ച് നൽകിയിട്ടുണ്ട്.
ജൂണിൽ ഒരു ടൂറിസ്റ്റിന്റെ 3000 ദിർഹം ഷോപ്പിങ് മാളിൽ വെച്ച് കാണാതായിരുന്നു. ടൂറിസ്റ്റ് സപ്പോർട്ട് സർവീസ് വഴി ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ ആ പണം കണ്ടെത്തി ടൂറിസ്റ്റിന് അയച്ച് നൽകുകയായിരുന്നു.
ഒരു ടൂറിസ്റ്റിന്റെ ബാഗ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്റ്റാഫുകൾക്ക് ലഭിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നാലെ യാത്രക്കാരിയെ കണ്ടുപിടിച്ച് ദുബായ് പോലീസ് ബാഗ് കൈമാറുകയും ചെയ്തിരുന്നു

+ There are no comments
Add yours