ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കൻ ഭൂഖണ്ഡം വേദിയാവുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
ഉദ്ഘാടന മത്സരമായ മെക്സിക്കോ-ദക്ഷിണാഫ്രിക്ക ക്ലാസിക്ക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം ഇന്ന് നടക്കുന്നതോടെ കാൽപ്പന്ത് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയം എന്ന അപൂർവ്വ നേട്ടം കൂടിയാണ് ഇതോടെ എസ്റ്റാഡിയോ ആസ്ടെക്ക സ്വന്തമാക്കുന്നത്.
കൃത്യം 16 വർഷങ്ങൾക്ക് മുൻപ്, 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൻ്റെ തനിയാവർത്തനമാണ് ഈ മത്സരം. അന്ന് മെക്സിക്കോയ്ക്കെതിരെ സിഫിവ ത്ഷബാലാല നേടിയ ചരിത്രപ്രസിദ്ധമായ ഗോൾ ഫുട്ബോൾ ആരാധകർക്ക് ഇന്നും ആവേശമാണ്.
അന്ന് കളത്തിൽ ഉണ്ടായിരുന്ന റാഫേൽ മാർക്വേസ് ഇത്തവണ മെക്സിക്കോയുടെ പരിശീലക സംഘത്തിൽ സഹപരിശീലകനായി വീണ്ടും കളത്തിലെത്തുന്നു എന്നത് പ്രത്യേകതയാണ്.
ഇത്തവണത്തെ ലോകകപ്പ് പല നിലയിലും സവിശേഷമാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 സ്റ്റേഡിയങ്ങളിലായാണ് ആവേശം അലതല്ലുന്നത്.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റ് എന്ന നിലയിൽ, 12 ഗ്രൂപ്പുകളിലായി 104 മത്സരങ്ങളാണ് ആകെ നടക്കാൻ പോകുന്നത്.

+ There are no comments
Add yours