കുവെെത്ത്: കുവെെത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Nawaf Al Ahmad Al Jabir Assabah) ഇനി ഓർമ. ഇന്നലെ രാവിലെ കുവെെത്ത് സമയം 10 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. സുലൈബിക്കാത്ത് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്. ചടങ്ങിൽ അസ്സബാഹ് രാജകുടുംബവും , ഉന്നത ഉദ്യോഗസ്ഥരും, ഭരണനേതൃത്വവും മാത്രമാണ് പങ്കെടുത്തത്.
മയ്യിത്ത് നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ ആണ് പങ്കെടുത്തത്. രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ(Bilal Bin Rabah Mosque) മൃതദേഹം എത്തിച്ചു. ഇവിടെ വെച്ച് നമസ്കാരം നടന്നു. പുതിയ അമീർ ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishal Al Ahmad Al Jabir Assabah), പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Ahmed Nawaf Al Ahmed Al Jabir Assabah), മന്ത്രിമാർ, ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ(Sheikh Nawaf Al Ahmad Al Jabir) അസ്സബാഹിന്റെ മക്കൾ എന്നിവർ ഖബറടക്കത്തിൻറെ സമയത്ത് എത്തിയിരുന്നു.
രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കും. കുവെെത്തിൻറെ പുരോഗതിയിൽ ഒരുപാട് പങ്കുവഹിച്ച വ്യക്തിയായിരുന്നു.
കുവെെത്ത് മുൻ അമീർ ആയിരുന്ന അഹ്മദ് അൽ ജാബിർ അസ്സബാഹി(Ahmad Al Jabir Assabah)ന്റെയും യമാമ(Yamama)യുടെയും ആറാമത്തെ മകനായി 1937 ജൂൺ 25നാണ് ജനിക്കുന്നത്. 2020 സെപ്റ്റംബറിൽ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Sabah Al Ahmad Al Jabir Assabah) അന്തരിച്ചതിന് പിന്നാലെ കുവെെറ്റ് അമീർ ആയി സ്ഥാനം ഏറ്റു. കിരീടാവകാശിയായി ചുമതലകൾ വഹിച്ചിരുന്നു. കുവെെറ്റിന്റെ 16ാമത്തെ അമീർ ആയിരുന്നു.
ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം തൃപ്തികരമാണെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ട്. എന്നാൽ ശനിയാഴ്ച മരണം സ്ഥിരീകരിച്ചു. ഷെയ്ഖ് നവാഫിന്റെ നിര്യാണത്തോടെ കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishal Al Ahmed Al Jabir Assabah) പുതിയ അമീറായി ചുമതലയേറ്റു.
ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് അധികൃതർ അറിയിച്ചു. ദുഃഖാചാരണത്തിൻറെ ഭാഗമായി ദേശീയ പാതകകൾ പകുതി താഴ്ത്തിക്കെട്ടി. ഖത്തർ, യുഎഇ, ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും മൂന്ന് ദിവസത്തെ ദുഖാചാരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

+ There are no comments
Add yours