2025 ലെ ഈദുൽ ഫിത്തർ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ, ഈദ് അൽ ഫിത്തർ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധി ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റമദാൻ മാസം 30 ദിവസം പൂർത്തിയാക്കുകയാണെങ്കിൽ അവധി 2025 ഏപ്രിൽ 2 ബുധനാഴ്ച വരെ നീട്ടുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള സർക്കാർ മേഖലാ ജീവനക്കാർക്കും ശവ്വാൽ ഒന്ന് മുതൽ മൂന്നു വരെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഈദുൽ ഫിത്തർ അവധിക്ക് ശേഷം ഔദ്യോഗിക പ്രവർത്തനങ്ങൾ ശവ്വാൽ 4 ന് പുനരാരംഭിക്കും.
വിശുദ്ധ റമദാൻ മാസം 30 ദിവസം പൂർത്തിയാക്കിയാൽ, റമദാൻ 30 (മാർച്ച് 30 ഞായറാഴ്ച) ഈദ് അൽ ഫിത്തർ അവധി ദിനങ്ങളോടൊപ്പം ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് 29 ന് ശവ്വാൽ മാസപ്പിറവി ദർശിച്ചാൽ, മാർച്ച് 30 ഞായറാഴ്ച ഈദ് അൽ ഫിത്തർ ആയിരിക്കും. ഇതുപ്രകാരം രാജ്യത്തെ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് ഏപ്രിൽ ഒന്നു വരെ മൂന്ന് ദിവസം ഈദുൽ ഫിത്തർ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള മിക്ക ജീവനക്കാർക്കും ശനിയാഴ്ച വാരാന്ത്യമായതിനാൽ മാർച്ച് 29 മുതൽ ഏപ്രിൽ ഒന്നു വരെ നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
അതേസമയം, മാർച്ച് 29 ന് മാസപ്പിറവി കാണാതിരിക്കുകയും റമദാൻ 30 ദിവസം പൂർത്തിയാക്കുകയും ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും. ഇതോടെ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയുള്ള മൂന്ന് ദിവസങ്ങൾ ഈദ് അവധിയായി മാറും.
+ There are no comments
Add yours