സൗജന്യമായി ലഭിച്ച ബി​ഗ് ടിക്കറ്റിൽ മലയാളിക്ക് 25 മില്ല്യൺ ദിർഹം സമ്മാനം; ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിക്കുന്നത് 2 വർഷങ്ങൾക്ക് ശേഷം

1 min read
Spread the love

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടൻ ആണ് ഗ്രാൻഡ് പ്രൈസായ 25 മില്യൻ ദിർഹം (57 കോടി ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. നവംബർ 22നാണ് അരവിന്ദ് ടിക്കറ്റ് വാങ്ങിയത്.

ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയ അരവിന്ദിന് സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പ് വേദിയിൽ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികൾ അരവിന്ദിനെ ഫോൺ വിളിച്ചു. തൻറെ സുഹൃത്ത് തൊട്ടുമുമ്പ് വിളിച്ച് കാര്യം പറഞ്ഞെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഷാർജയിലെ അൽ നഹ്ദയിലാണ് താനിപ്പോഴെന്നും ഷോപ്പിങ് നടത്തുകയാണെന്നും അരവിന്ദ് പറഞ്ഞു.

സെയിൽസ് വിഭാഗത്തിലാണ് അരവിന്ദ് ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് വാങ്ങാറുണ്ട്. ഭാര്യക്കൊപ്പമാണ് താനിപ്പോൾ ഉള്ളതെന്നും സമ്മാനവിവരം അറിഞ്ഞതിന്റെ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ ഗ്രാൻഡ് പ്രൈസ് വിജയിയായ പ്രിൻസ് സെബാസ്റ്റ്യൻ ആണ് സമ്മാനാർഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 10 പേർക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞ നറുക്കെടുപ്പിലെ ടിക്കറ്റ് വാങ്ങിയത്.

2022ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഗ്രാൻഡ് പ്രൈസ് ഒരു വിജയിക്ക് നേടാൻ അവസരം ലഭിക്കുന്നത്. ഇന്ന് നടന്ന ഡ്രീം കാർ നറുക്കെടുപ്പിൽ ബംഗ്ലാദേശ് സ്വദേശിയായ ഹാറുൺ റഷീദ് ആണ് ബിഎംഡബ്ല്യു 840ഐ സമ്മാനമായി നേടിയത്. 018422 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്.

ബിഗ് ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചും ടിക്കറ്റ് വാങ്ങാം.

You May Also Like

More From Author

+ There are no comments

Add yours