ദുബായ്: ദുബായിൽ വാഹനമോടിക്കുന്നവർ രണ്ട് സ്ഥലങ്ങളിൽ കൂടി റോഡ് ടോൾ ഇനി അടയ്ക്കണം. ഇന്നലെ മുതൽ സാലിക്ക് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സജീവമാക്കിയതിനെ തുടർന്നാണിത്.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്, ശെയ്ഖ് സായിദ് റോഡിൽ അൽ മയ്ദാൻ- ഉമ്മുൽ ഷീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ സാലിക് ഗേറ്റുകൾ നിലവിൽ വന്നത്. ഇതോടെ ദുബായ് നഗരത്തിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയർന്നു.
ദുബായിൽ അൽ ബർഷ, അൽ ഗർഹൂദ് ബ്രിജ്, അൽ മക്തൂം ബ്രിജ്, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ സാലിക് ഗേറ്റുകളുള്ളത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ എന്ന സവിശേഷതയും പുതിയ സാലിക്ക് ടോൾഗേറ്റുകൾക്കുണ്ട്.
വാഹന ഗതാഗതം കുറയ്ക്കുന്നതിന്റെ ഭാഗമായി, ദുബായ് മെട്രോ, പൊതു ബസുകൾ, മറൈൻ ഗതാഗതം എന്നിവ പോലുള്ള പൊതുഗതാഗത ഓപ്ഷനുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് ആർടിഎ അറിയിച്ചു. പുതിയ സാലിക് ഗേറ്റുകൾ സജ്ജമാകുന്നതോടെ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽ ഐൻ റോഡ്, റാസൽ ഖോർ റോഡ്, അൽ മനാമ റോഡ്, ഇൻഫിനിറ്റി ബ്രിഡ്ജ, അൽ ഷിന്ദഗ ടണൽ വഴിയുള്ള വാഹന ഗതാഗതം വർധിക്കും.
സാലിക് ഗേറ്റു വഴി കടന്നു പോകുന്ന ഓരോ യാത്രയ്ക്കും നാലു ദിർഹമാണ് ടോൾ നൽകേണ്ടത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനം കണ്ടെത്തുകയും സാലിക് സ്റ്റിക്കർ ടാഗ് സ്കാൻ ചെയ്ത് പണം ഈടാക്കുന്നതുമായി സാലിക് ടോൾ ഗേറ്റുകളിലെ രീതി. വാഹനയുടമയുടെ പ്രീപെയ്ഡ് സാലിക്ക് അക്കൗണ്ടിൽ നിന്നാണ് പണം പോകുക.

+ There are no comments
Add yours