ദുബായ്: വിവാഹ നിയമത്തിൽ ചരിത്ര മാറ്റങ്ങളുമായി യുഎഇ. ഈ വർഷം ഏപ്രിൽ 15 മുതൽ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റങ്ങൾ നിലവിൽ വരും.
വിവാഹ സമ്മതം, കസ്റ്റഡി പ്രായപരിധി, വിവാഹമോചന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. സ്ത്രീകൾക്ക് അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ള പങ്കാളികളെ വിവാഹം കഴിക്കാം എന്നതാണ് പുതുതായി വരുന്ന ഒരു പ്രധാനമാറ്റം. വിദേശികളായ മുസ്ലീം സ്ത്രീകൾക്ക്, അവരുടെ രാജ്യത്തെ നിയമം വിവാഹത്തിന് ഒരു രക്ഷിതാവ് വേണമെന്ന് നിഷ്‌ക്കർഷിക്കുന്നില്ലെങ്കിൽ അവരുടെ വിവാഹത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
നിയമപരമായ വിവാഹ പ്രായം 18 വയസ്സാണെന്ന് പുതിയ ഡിക്രി നിയമം വ്യവസ്ഥ ചെയ്യുന്നു. 18 വയസ്സിനു മുകളിലുള്ള ഒരാൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നിരിക്കെ, രക്ഷിതാവിൽ നിന്ന് എതിർപ്പ് നേരിടുന്ന സാഹചര്യത്തിൽ, അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാൻ അവകാശമുണ്ട്. പ്രായപൂർത്തിയാകാത്ത ദമ്പതികൾക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ നിയമം അധികാരം നൽകുന്നു.
വിവാഹം കഴിക്കാൻ പോകുന്ന ആണും പെണ്ണും തമ്മിലുള്ള പ്രായ വ്യത്യാസം മുപ്പത് വയസ്സ് കവിയുന്നുവെങ്കിൽ, കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂ എന്നും നിയമം അനുശാസിക്കുന്നു. വിവാഹ നിശ്ചയം അഥവാ എൻഗേജ്‌മെന്റിന്റെ നിയമപരമായ നിർവചനവും പുതിയ നിയമം നൽകുന്നുണ്ട്.
വിവാഹ വാഗ്ദാനത്തോടൊപ്പം, സമ്മതത്തോടെ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒരു പുരുഷൻ അഭ്യർത്ഥിക്കുന്നതാണ് വിവാഹനിശ്ചയം. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹാഭ്യർത്ഥന വിവാഹത്തിനുള്ള അഭ്യർത്ഥനയും അതിനുള്ള വാഗ്ദാനവും മാത്രമാണെന്നും അത് വിവാഹമായി കണക്കാക്കില്ലെന്നും നിയമം വ്യക്തമാക്കുന്നു.
വിവാഹം അന്തിമമാക്കണമെന്ന വ്യവസ്ഥയിലാണ് സമ്മാനങ്ങൾ നൽകിയതെങ്കിൽ അവ തിരികെ നൽകണം. 25,000 ദിർഹത്തിൽ കൂടുതലുള്ള വിലയേറിയ സമ്മാനങ്ങളാണ് ഇങ്ങനെ തിരികെ നൽകേണ്ടത്. എന്നാൽ സാധാരണഗതിയിൽ അപ്പോൾ തന്നെ ഉപയോഗിച്ചു തീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കിൽ തിരികെ നൽകേണ്ടതില്ല.
വിവാഹ കരാറിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ, ഭാര്യ ഭർത്താവിനൊപ്പം അനുയോജ്യമായ ഒരു വിവാഹ വീട്ടിൽ താമസിക്കണം. പരസ്പരം സമ്മതമാണെങ്കിൽ മുൻ ഭാര്യാഭർത്താക്കൻമാരിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാൻ വധൂവരൻമാർക്ക് അവകാശമുണ്ടായിരിക്കുമെന്നും നിയമം വ്യക്തമാക്കി. ഭാര്യക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ, ഭർത്താവിന് ഭാര്യയുടെ മാതാപിതാക്കളുടെയും മറ്റ് വിവാഹങ്ങളിൽ നിന്നുള്ള കുട്ടികളുടെയും സാമ്പത്തിക പിന്തുണയുടെ ഉത്തരവാദിത്തമുണ്ടെങ്കിൽ, ഭാര്യയോടൊപ്പം വൈവാഹിക വീട്ടിൽ താമസിക്കാം.

+ There are no comments
Add yours